ഭാരത സംസ്‌കാരത്തിന് അപമാനം : കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ

0
122

തിരുവനന്തപുരം : മധ്യപ്രദേശിലെ സാത്‌നയില്‍ ക്രിസ്മസ് കാരള്‍ നടത്തിയ കത്തോലിക്ക വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിബിസിഐ  പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ  മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ. ഇതില്‍ ഭാരതസഭയ്ക്കുള്ള തീവ്രമായ വേദനയും ഉത്കണ്‍ഠയും രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി ക്രിസ്മസിനോടനുബന്ധിച്ച് സമാധാനപരമായി നടന്നുവന്നിരുന്ന കാരള്‍ പരിപാടിക്ക് നേരെയാണ് യാതൊരു കാരണവുമില്ലാതെ അക്രമം നടത്തിയത്. മധ്യപ്രദേശില്‍ ഈയിടെയായി ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടയും മതവിദ്വേഷത്തിന്റെയും നിരവധി സംഭവങ്ങള്‍ ഇതിന്റെ പിന്നിലുള്ള ഗൂഡാലോചന വ്യക്തമാക്കുന്നു.

ജനാധിപത്യഭരണസംവിധാനത്തില്‍ നിലനില്‍ക്കുന്ന ഒരു രാഷ്ട്രമായ ഭാരതത്തില്‍ കപടദേശീയതയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തികച്ചും ആപത്കരമാണ്. കുറ്റവാളികള്‍ രക്ഷപ്പെടുകയും ഇരകളായ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും കള്ളക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു.

നീതി നടപ്പിലാക്കേണ്ട നിയമപാലകര്‍ ഈ സംഭവത്തില്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടികള്‍ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്. ജനങ്ങളുടെ  ജീവന് സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ട നിസഹായരായ വൈദികര്‍ക്കും വൈദികിവിദ്യാര്‍ത്ഥികള്‍ക്കും നേരെ ഈ വിധത്തില്‍ നികൃഷ്ടമായ ഒരു ആക്രമണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഭാരതസംസ്‌കാരത്തിന്റെ ശ്രേഷ്ഠതയ്ക്കു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങള്‍.

ഭാരതസംസ്‌കാരത്തിന്റെ പരിപാലനത്തില്‍ സമഗ്രമായ സംഭാവനകള്‍ എന്നും നല്‍കിയിട്ടുള്ള ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നത് ജാതി-മത-വര്‍ണ വൈജാത്യങ്ങളില്ലാത്ത ഒരു നവഭാരതം കെട്ടിപ്പടുക്കുന്നതിനായി ഏറെ ന്യൂനതകള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നു. ഇത്തരം ആക്രമണങ്ങളും അനിഷ്ടസംഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍  ഭരണാധികാരികളും രാഷ്ട്രീയ-സാമൂഹിക-മത നേതാക്കളും സത്യസന്ധമായ ജാഗ്രത പുലര്‍ത്തണം.

സാത്‌നയിലുണ്ടായ അനിഷ്ടസംഭവത്തിലെ കുറ്റവാളികള്‍ക്കു നേരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും തക്കതായ ശിക്ഷ അവര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്താനും തയാറാകണമെന്നു ഭാരത കത്തോലിക്കാസഭയ്ക്കുവേണ്ടി ഭരണ-രാഷ്ട്രീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Comments

comments

Powered by Facebook Comments