സത്‌ന ആക്രമണം : കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ ഇന്ന് രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും

0
71

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സത്‌നയിലെ ബുംകാര്‍ ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സെമിനാരിയിലെ വൈദികരെയും വിദ്യാര്‍ത്ഥികളെയും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ഗാന്ധിയും കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തും. സത്‌നയിലെ സെന്റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരിയില്‍  നേരിട്ടെത്തി അക്രമത്തിനിരയായ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളുമായി  വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് കര്‍ദ്ദിനാള്‍ ഡല്‍ഹിയിലെത്തിയത്. ബുംകാര്‍ ഗ്രാമത്തിലുണ്ടായ സംഭവങ്ങളും സാമൂഹ്യ സാഹചര്യങ്ങളും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിസിഐ  പ്രസിഡന്റ് ചര്‍ച്ച നടത്തുക. തുടര്‍ന്ന ഉച്ചകഴിഞ്ഞ് സിബിസിഐ ആസ്ഥാനത്ത്  പത്രസമ്മേളനം നടത്തും. സത്‌നയിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരളത്തില്‍ നിന്നുള്ള എംപിമാരുമായും കര്‍ദ്ദിനാള്‍ ക്ലീമിസ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ്, സിപിഎം, കേരള-കോണ്‍ഗ്‌സ് -എം പാര്‍ട്ടികളിലെ എംപിമാരുടെ നേതൃത്വത്തില്‍ പലതവണ സത്‌ന അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

Comments

comments

Powered by Facebook Comments