സത്‌ന ആക്രമണം : ജനാധിപത്യത്തെ തകര്‍ക്കുമെന്നു മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

0
53

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സത്‌നക്കടുത്ത് ബുംകാറി  കത്തോലിക്ക  വൈദികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുണ്ടായ അക്രമത്തില്‍ കടുത്ത വേദനയും ആശങ്കയുമുണ്ടെന്ന് ഇന്ത്യയിലെ കത്തോലിക്കാ  മെത്രാന്‍ സമിതി (സിബിസിഐ)  പ്രസിഡന്റ്  കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാ ബാവാ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍  ആശങ്ക വര്‍ധിച്ചുവരികയാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നു ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു ചര്‍ച്ച  നടത്തിയശേഷം സിബിസിഐ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു.

സത്‌നയില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉടന്‍ എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കിയതായി  സിബിസിഐ പ്രസിഡന്റ് അറിയിച്ചു. സംഭവത്തെ ആഭ്യന്തരമന്ത്രി അപലപിച്ചു. ഇത്തരം സംഭവങ്ങള്‍  ആവര്‍ത്തിരിക്കാതിരിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും നടപടികളെടുക്കുമെന്നും  രാജ്‌നാഥ് ഉറപ്പുനല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രിയെ  നേരില്‍ വിളിച്ച്  ഇക്കാര്യത്തില്‍  നടപടികളെടുക്കാനും  ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു. ക്രൈസ്തവ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷത്തിനെതിരെ യുപിയിലെ അലിഗഡില്‍ ഉയര്‍ന്ന ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ യുപി മുഖ്യമന്ത്രിയെയും ടെലിഫോണില്‍ വിളിച്ച് സംരക്ഷണം  നല്‍കാന്‍ രാജ്‌നാഥ് നിര്‍ദ്ദേശിച്ചു – കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യ  എന്നിവരും കര്‍ദ്ദിനാളിനൊപ്പം ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍  ഒപ്പമുണ്ടായിരുന്നു. പിന്നീട് കേരളത്തില്‍ നിന്നുള്ള എംപിമാരായ പ്രൊഫ.കെ.വി തോമസ്, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവരുമായി പി.ജെ.കുര്യന്റെ മുറിയിലെത്തി മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തി. നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി  കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തി.

തുഗ്ലക് ലെയ്‌നിലെ രാഹുലിന്റെ വസതിയില്‍ രാവിലെ  10.15ന് തുടങ്ങിയ മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സത്‌ന സംഭവവും ഓഖി കൊടുങ്കാറ്റിന്റെ ദുരന്തവും അടക്കമുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.കെ.രാഘവന്‍ എന്നിവരും ഫാ.വില്‍സണ്‍ തട്ടാരത്തുണ്ടിലും മാര്‍ ക്ലീമിസ് ബാവ അനുഗമിച്ചു. തുടക്കത്തില്‍  എം.പിമാരോടൊപ്പവും പിന്നീട് മാര്‍ ക്ലീമിസുമായി നേരിട്ടും രാഹുല്‍ ചര്‍ച്ച നടത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും സഹായവും എത്തിക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും സിബിസിഐ പ്രസിഡന്റ് ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച തുക അപര്യാപ്തമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതിയെ  കണ്ടപ്പോള്‍ പറഞ്ഞത്. ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കണം. അതിനാകണം മുന്‍ഗണന. മാര്‍പാപ്പയെ ക്ഷണിക്കുന്നതിനായി സിബിസിഐ നല്‍കിയ രണ്ടു കത്തുകള്‍ പ്രധാനമന്ത്രിയുടെ പക്കലുണ്ടെന്നും ഇക്കാര്യത്തില്‍ ഇനിയെങ്കിലും നടപടികളുണ്ടാകുമെന്നു കരുതുന്നതായും മാര്‍ ക്ലീമിസ് പറഞ്ഞു.

സത്‌നയിലുണ്ടായ അക്രമം അടക്കമുള്ള സംഭവങ്ങള്‍ നിരാശ്രയരും നിരായുധരുമായ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് തുറന്നടിച്ചു. ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസവും നഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായ സംഭവങ്ങള്‍ മൂലം ആശങ്കകള്‍ കൂടി വരികയാണ്. എന്തുകൊണ്ടാണ് വിശ്വാസം നഷ്ടമാകുന്നതെന്ന് അധികാരികള്‍ ചിന്തിക്കണം.

ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം തിരിച്ചുനല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. നിര്‍ബന്ധിത പരിവര്‍ത്തനമെന്ന ആരോപണം തീര്‍ത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. ക്രൈസ്തവരുടെ ഭാഗത്തു നിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല. അക്രമം നടന്ന ബുംകാര്‍ ഗ്രാമത്തില്‍ മുന്‍പു പലതവണ ഇതേ വൈദികരും വിദ്യാര്‍ത്ഥികളും പോയിരുന്നതാണ്. ഇപ്പോള്‍ പുറന്നുനിന്നെത്തിയ പത്തോളം വരുന്ന സംഘമാണ് പ്രശ്‌നംഉണ്ടാക്കിയതും മര്‍ദ്ദിച്ചതും – സത്‌നയില്‍ പോയി മര്‍ദ്ദിക്കപ്പെട്ടവരുമായും ജില്ലാ ഉദ്യോഗസ്ഥരുമായും നേരില്‍ ചര്‍ച്ച നടത്തിയശേഷം ഡല്‍ഹിയിലെത്തിയ മാര്‍ ക്ലീമിസ് വിശദീകരിച്ചു.

സത്‌നയില്‍ അക്രമം നടത്തിയവരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില സെമിനാരിയിലെ ഫാ.ജോര്‍ജ്ജിനെതിരെ കേസെടുത്തു. എന്നാല്‍, പോലീസ് സ്റ്റേഷന്‍ മുറ്റത്തുവെച്ച് വൈദികരെയും വിദ്യാര്‍ത്ഥികളെയും പോലീസ് നോക്കി നില്‍ക്കെ മര്‍ദ്ദിച്ചവര്‍ക്കും വൈദികരെത്തിയ വാഹനം കത്തിച്ചവര്‍ക്കുമെതിരെ  എഫ്‌ഐആര്‍ പോലും എടുത്തില്ല. രണ്ടു തരം നീതിയാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും നീതിയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് സിബിസിഐ പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

Comments

comments

Powered by Facebook Comments