ന്യൂഡല്‍ഹി/കോട്ടയം: ഭാരത ക്രൈസ്തവര്‍ ആശങ്കയുടെ നിഴലില്‍ ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാരള്‍ അടക്കമുള്ള ആഘോഷങ്ങള്‍ നടത്താനാകുമോ എന്ന ആശങ്ക വളരുകയാണ്.
മധ്യപ്രദേശിലെ സത്നയില്‍ കാരള്‍ സംഘത്തെ വര്‍ഗീയ വാദികള്‍ ആക്രമിച്ചതും വൈദികര്‍ക്കെതിരെ പോലീസ് കേസ് എടുത്തതും യുപിയിലെ അലിഗഡില്‍ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം പാടില്ലെന്നു ഭീഷണിപ്പെടുത്തിയതും രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ക്രിസ്മസ് ചടങ്ങിനുനേരെ ആക്രമണമുണ്ടായതും ക്രൈസ്തവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളിലെ ഈ മൂന്നു സംഭവങ്ങളിലും കര്‍ശന നടപടി ഉണ്ടായിട്ടില്ല. സത്നയില്‍ വൈദികര്‍ക്കും മറ്റുമെതിരെ മതപരിവര്ത്തനശ്രമമെന്നു കള്ളക്കേസ് എടുക്കുകയും ചെയ്തു. സത്നയിലും പ്രതാപ്ഗഡിലും അക്രമികള്‍ക്കു പോലീസ് ഒത്താശ ചെയ്യുകയായിരുന്നു. സത്നയില്‍ ഒരു പതിനെട്ടുകാരനെ വാഹനം കത്തിച്ച കേസില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ കാരള്‍ ഗ്രൂപ്പിനെ ആക്രമിച്ച സംഘത്തിലെ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സ്റ്റേഷനുള്ളില്‍ ബജ്രംഗദര് സംഘം നടത്തിയ ആക്രമണവും കേസില്‍ ഇല്ല.
രാജസ്ഥാനില്‍ പ്രതാപ്ഗഡ് ജില്ലയിലെ ക്രിസ്മസ് ചടങ്ങ് ആക്രമിച്ച ഇരുപതംഗ സംഘത്തിനെതിരെ നടപടി ഉണ്ടായില്ല. ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ അടക്കമുള്ളവ നശിപ്പിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഒരു ആദിവാസിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവിടെയും മതപരിവര്‍ത്തനമാണ് ആരോപിച്ചത്.
Comments
Powered by Facebook Comments