ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് കാലം ചെയ്തു

0
29

തിരുവല്ല : മലങ്കര കത്തോലിക്ക സഭാ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍  ബിഷപ് ഡോ.ഗീവര്‍ഗീസ്  മാര്‍ ദിവന്നാസിയോസ് കാലം ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.35ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ തിരുവല്ലയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാധ്യക്ഷന്‍ സ്ഥാനം ഒരുവര്‍ഷം മുന്‍പ് ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ് തിരുവല്ല കുറ്റൂരിലുള്ള സ്‌നേഹഭവനില്‍ (പള്ളിമല) വിശ്രമജീവിതത്തിലായിരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

എട്ടു ക്രമങ്ങളിലായുള്ള കബറടക്ക ശുശ്രൂഷയുടെ അവസാനഘട്ടം നാളെ രണ്ടിന് ആരംഭിക്കും.തിരുവല്ല സെന്റ് ജോണ്‍സ്  മെത്രാപ്പോലീത്ത കത്തീഡ്രലിനോടു  ചേര്‍ന്ന കബറിലാണു കബറടക്കം. ഇന്നലെ രാത്രി മൃതദേഹം ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ  സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാബാവായുടെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. രാത്രി ഒന്‍പതോടെ വിലാപയാത്രയായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലെത്തിച്ചു.  പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹം ഇന്നും നാളെയും പൊതുദര്‍ശനത്തിനായി വയ്ക്കും. കബറടക്ക ശുശ്രൂഷയുടെ  വിവിധ ക്രമങ്ങള്‍ കര്‍ദ്ദിനാളിന്റെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.

ബത്തേരി രൂപതയുടെ ദ്വിതീയ ബിഷപ്പും പുത്തൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പുമായിരുന്നു ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. ജീവിതത്തിലുടനീളം എളിമയുടെ പ്രതീകമായിരുന്ന  അദ്ദേഹം അധികാരസ്ഥാനങ്ങളോടു യാതൊരു മമതയും പുലര്‍ത്തിയിരുന്നില്ല.

1950 നവംബര്‍ ഒന്നിനു ജനനം. തിരുവല്ലയ്ക്കടുത്ത് തലവടിയാണ് ജന്‍മദേശം. ഒറ്റത്തെങ്ങില്‍ കുടുംബാംഗം. പരേതരായ എന്‍.എസ് വര്‍ഗീസും മറിയാമ്മ വര്‍ഗീസുമായിരുന്നു മാതാപിതാക്കള്‍. എട്ടുമക്കളില്‍ രണ്ടാമനായിരുന്നു.

1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി റവ.ഡോ.വര്‍ഗീസ് ഒറ്റത്തെങ്ങിലിനെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് 1997 ഫെബ്രുവരി അഞ്ചിന്  ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ ബത്തേരി ബിഷപ്പായി അഭിഷേകം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്  സിറിയന്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി ഗീവര്‍ഗീസ്  മാര്‍ ദിവന്നാസിയോസ് പ്രവര്‍ത്തിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാബാവയെ സഭാധ്യക്ഷന്‍ സ്ഥാനത്തേക്കു തെരഞ്ഞെടുത്ത സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചത്  ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസായിരുന്നു. 2010 ജനുവരി 25ന് പുത്തൂര്‍ രൂപതയുടെ  പ്രഥമ ബിഷപ്പായി. ആരോഗ്യകാരണങ്ങളാല്‍  2017 ജനുവരി 24ന്  രൂപതാധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞു.

Comments

comments

Powered by Facebook Comments