ഇന്ത്യന്‍ ദേശീയതയ്ക്കു സാംസ്‌കാരിക വിഷാദം : ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

0
22

സമൂഹത്തെ വഴി നടത്തേണ്ട മൂല്യങ്ങളെ കരുതലോടെ ഓരോ ഇന്ത്യക്കാരനും നേടേണ്ട കാലത്താണു നാം ജീവിക്കുന്നത്. ജാതിസമൂഹത്തില്‍ നിന്നു മതേതര ഘടനയിലേക്കുള്ള വളര്‍ച്ചയാണ് ഇന്ത്യന്‍ ദേശീയതയുടെ അനന്യത. ജനാധിപത്യാവശ്യങ്ങളുടെ കാവല്‍ ഭടന്‍മാരായി  സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും മാറുമ്പോഴാണ്  രാഷ്ട്രീയ നിര്‍മിതിക്ക് ഉതകുന്ന ആരോഗ്യകരമായ സാഹചര്യങ്ങളും വളര്‍ന്നുവരുന്നത്.

ജനാധിപത്യം പൂര്‍ണ്ണമാകുന്നതു മതേതരത്ത്വത്തിലാണെന്നു ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ആശയങ്ങളെയും ഭാവനാത്മാകമായി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ദേശീയത. രാഷ്ട്രീയ-മത വിഭാഗീതയകള്‍ക്കതീതമായി ഓരോ ഭാരതീയനെയും ഒരുമിപ്പിക്കുന്നതാണു ദേശീയത. എല്ലാ മതവിഭാഗങ്ങളിലും സമുദാങ്ങളിലും ഉള്ളവര്‍ ഒരേ ഒരു ഇന്ത്യയ്ക്കുവേണ്ടി പ്രയത്‌നിക്കുന്നതാണു സുസ്ഥിരമായ ഇന്ത്യയുടെ അടിത്തറ. ജാതിതന്നെ രാഷ്ട്രം എന്ന തെറ്റായ നിലപാടിലേക്കു നമ്മുടെ രാജ്യം നീങ്ങുകയാണ്. അപ്പോള്‍ ബഹുവിധമതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യം പരാജയപ്പെടും. ഇന്ത്യയുടെ സംസ്‌കാരമെന്നത് ഐക്യത്തിന്റെ സംസ്‌കൃതിയാണ്, സമഭാവനയുടെ സംസ്‌കൃതിയാണ്.

നമ്മുടെ ദേശീയതയെ നയിക്കേണ്ടതു ഗാന്ധിയന്‍ ആദര്‍ശങ്ങളായിരിക്കണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണു ഗാന്ധിയന്‍ ആദര്‍ശത്തിന്റെ അടിത്തറ. നിഷ്‌ക്രിയതയുടെ ഒരു പ്രത്യയശാസ്ത്രം ഇന്നു നമ്മുടെ സമൂഹത്തില്‍ പടര്‍ന്നപന്തലിക്കുന്നുണ്ട്. നമ്മുടെ സമൂഹം മൂല്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നില്ല എന്നു മാത്രമല്ല, മരിക്കുകയും ചെയ്തിരിക്കുന്നുവെന്നതു ദുഃഖകരമായ വസ്തുതയാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് ഇന്ന് ഒരു സാംസ്‌കാരിക വിഷാദം പിടിപെട്ടിരിക്കുന്നു.

ഗാന്ധിജി ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചു : രാജ്യം എപ്പോള്‍ അക്രമത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നുവോ അപ്പോള്‍ നാം മറന്നുപോകുന്നത് ആത്മാവെന്ന സത്യത്തെയാണ്. ഇവിടെ രാഷ്ട്രം കേവലം ആത്മാവില്ലാത്ത യന്ത്രമായിത്തീരുന്നു. ഒരു രാജ്യത്തിനും വ്യക്തികളെ വിസ്മരിച്ചുകൊണ്ട് യന്ത്രങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. ദേശീയതയും മതേതരത്വവും ഇന്ത്യന്‍ സംസ്‌കൃതിയുടെ ആത്മീയ മൂല്യങ്ങളാണ്.

Comments

comments

Powered by Facebook Comments