ഭക്തസാഗരത്തില്‍ കപ്പലോട്ടം

0
24

കുറവിലങ്ങാട് : അക്ഷരാര്‍ത്ഥത്തില്‍ ഭക്തസാഗരത്തിലൂടെ വിശ്വാസനൗക സഞ്ചരിച്ചു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ മൂന്നുനോന്‍പ് തിരുനാളിന്റെ  പ്രധാന ദിനമായിരുന്ന ഇന്നലെയാണ് ചരിത്രം ആവര്‍ത്തിച്ചു  കപ്പല്‍ പ്രദക്ഷിണം നടന്നത്. പുതിയ പദവിയുടെ തിളക്കത്തില്‍ പതിവിലേറെ വിശ്വാസികള്‍ ഇന്നലെ പള്ളിയിലേക്ക് ഒഴുകിയെത്തിയിരുന്നു.

പതിവുപോലെ വലിയ പള്ളിയില്‍ നിന്നു തിരുസ്വരൂപങ്ങള്‍ ചെറിയ പള്ളിയിലേക്കു നീങ്ങിയതിനു പിന്നാലെയാണ് കപ്പല്‍ സംവഹിക്കുന്നതിനുള്ള അനുമതിയും പ്രാര്‍ത്ഥനാശംസകളും കടപ്പൂര്‍ നിവാസികള്‍ക്കു വികാരി നല്‍കിയത്. വലിയപള്ളിയുടെ ആനവാതിലിലൂടെ  പുറത്തെത്തിയ കപ്പല്‍ കൊടികളുയര്‍ത്തിക്കെട്ടി ദൈവത്തെ വണങ്ങി. പള്ളിനടകള്‍ മൂന്നുതവണ ഓടിക്കയറിയാണ് ഈ വന്ദനം. തുടര്‍ന്ന് വലിയ പള്ളിയുടെ മുറ്റത്ത് നൂറുകണക്കായ കടപ്പൂര്‍ നിവാസികളുടെ  കരങ്ങള്‍ ഒരേ വേഗത്തിലും താളത്തിലും ഉയര്‍ന്നുതാണപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കടല്‍ യാത്രയുടെ അനുഭവം സമ്മാനിക്കാനായി.

ഈ സമയം വലിയ പള്ളിയില്‍ നിന്നു പൊന്‍വെള്ളിക്കുരിശുകളും എട്ട് തിരുസ്വരൂപങ്ങളും പള്ളിമുറ്റത്ത് ചെറിയ പള്ളി മുന്നേറുകയായിരുന്നു. ഈ പ്രദക്ഷിണം ചെറിയപള്ളിയിലെത്തി ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയകത്ത് പ്രവേശിച്ചു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണ വീഥിയിലേക്കു ക്ഷണിച്ചതോടെ പ്രദക്ഷിണത്തില്‍ സംവഹിക്കപ്പെടുന്ന  തിരുസ്വരൂപങ്ങളുടെ എണ്ണം പന്ത്രണ്ടിലെത്തി.

ഏറ്റവും മുന്നില്‍ മാര്‍ യൗസേപ്പിതാവിനെ സംവഹിച്ചുള്ള പ്രദക്ഷിണം ചെറിയപള്ളി നടയിലെത്തിയപ്പോള്‍ വലിയപള്ളിയില്‍ നിന്നു കടപ്പൂര്‍ നിവാസികള്‍ കപ്പല്‍ ചെറിയപള്ളി നടയിലേക്ക് ഓടിച്ചുകയറ്റാനുള്ള ശ്രമത്തിലായിരുന്നു. പിന്നീട് യൗനാന്‍ പ്രവാചകന്റെ നിനവേ യാത്രയുടെ  സ്മരണകള്‍ സമ്മാനിക്കുന്ന കപ്പലോട്ടമായിരുന്നു.  കപ്പല്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഭക്തസാഗരം തിരമാലകണക്കെ ഓടിയടുക്കുകയും അകലുകയും ചെയ്തു. ചെറിയപള്ളി നടയിലേക്കു കയറി കപ്പല്‍ നടത്തിയ ഓട്ടുകുരിശുവന്ദനം വേറിട്ട അനുഭവമായി മാറി. കപ്പല്‍ കുരിശുതൊട്ടിയിലെത്തിയതോടെ പ്രക്ഷുബ്ദമായ കടലിന്റെ അന്തരീക്ഷം ഭക്തമനസുകള്‍ക്കു സമ്മാനിക്കാന്‍ കടപ്പൂര്‍ നിവാസികള്‍ക്കായി. കല്‍ക്കുരിശു വന്ദനത്തിനുശേഷമായിരുന്നു കടല്‍ക്ഷോഭത്തിന്റെ പ്രതീതി സമ്മാനിച്ച കപ്പല്‍യാത്ര. യോനാന്‍ പ്രവാചകനെ കപ്പലില്‍നിന്നെടുത്തെറിയുന്നതോടെ ശാന്തമായ കപ്പല്‍ കല്‍പ്പടവുകള്‍ താണ്ടി ഒരു വര്‍ഷത്തെ ഇടവേള സമ്മാനിച്ചു വലിയ പള്ളിയിലേക്കു പ്രവേശിച്ചു. നെറ്റിപ്പട്ടം കെട്ടിയ മുത്തിയമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍മാരണിചേര്‍ന്ന  പ്രദക്ഷിണമെന്ന പാരമ്പര്യം ആവര്‍ത്തിച്ചായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന വിശുദ്ധകുര്‍ബാനകളില്‍ സീറോമലങ്കരസഭ കൂരിയ മെത്രാനും അപ്പസ്‌തോലിക്ക വിസിറ്റേറ്ററുമായ യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സമാപനദിനമായ  ഇന്ന് 4.30ന് സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധകുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കും.

Comments

comments

Powered by Facebook Comments