മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് പത്മഭൂഷണ്‍

0
45

ന്യൂഡല്‍ഹി : നിറചിരിയുടെ വലിയ പിതാവിന് രാജ്യത്തിന്റെ ആദരം. റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പത്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. 199 9 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007-ല്‍ സ്ഥാനത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്‍മദിനം ആഘോഷിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രില്‍ 27ന് ആണ് ക്രിസോസ്റ്റം ജനിച്ചത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയും പത്മവിഭൂഷന്‍ ബഹുമതിക്ക് അര്‍ഹരായി. സാന്ത്വനചികിത്സാരംഗത്തു നിന്നുള്ള ഡോ.എം.ആര്‍ രാജഗോപാല്‍, പാരമ്പര്യ ചികിത്സാമേഖലയില്‍ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലഷ്മിക്കുട്ടി എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. മലയാളിയായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡല്‍ നല്‍കും. പശ്ചിമ വ്യോമാ കമാന്‍ഡ് മേധാവിയാണ് ചന്ദ്രശേഖരന്‍ ഹരികുമാര്‍. വളരെക്കാലം ഭാരതീയ ജനസംഘത്തിന്റെ ദേശീയ നേതാവായിരുന്നു പി.പരമേശ്വരന്‍. ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് രാജ്യത്തിന് നിരോധിക്കപ്പെട്ടപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് പ്രചാരകനായി. ചങ്ങനാശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. 1967-ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റു വരിച്ചതും. തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. 1982-ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവിയും.

Comments

comments

Powered by Facebook Comments