തദ്ദേശീയ തനിമയിലൂന്നിയ ദൈവാരാധന പരമ്പരാഗത സവിശേഷത : മാര്‍ പെരുന്തോട്ടം

0
25

മാന്നാനം : തദ്ദേശീയ തനിമയിലൂന്നിയ ദൈവാരാധന ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗത സവിശേഷതയായിരുന്നുവെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ റിസര്‍ച്ച് സെന്ററിന്റെയും ബംഗളൂരു ക്രൈസ്റ്റ് കല്പിത സര്‍വകലാശാലയുടെയും മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠനശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിഎംഐ പ്രയോന്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. റോമിലെ പൊന്തിഫിക്കന്‍ കമ്മീഷന്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സയന്‍സിന്റെ അധ്യക്ഷന്‍ മോണ്‍.ബര്‍ണാര്‍ദ് അര്‍ദൂര മുഖ്യാതിഥിയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാല ചരിത്രപഠന വിഭാഗം മുന്‍ മേധാവിയും അന്തര്‍ദേശീയ സെമിനാറിന്റെ മുഖ്യ ആലോചനക്കാരനുമായ പ്രൊഫ.കെ.എസ് മാത്യു മുഖ്യപ്രബന്ധം അവതരിപ്പിച്ചു.

സെമിനാരി അസോസിയേഷന്‍ ഓഫ് കാത്തലിക് ഹിസ്റ്റോറിയന്‍സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം മോണ്‍.ബര്‍ണാര്‍ദ് അര്‍ദൂര നിര്‍വഹിച്ചു. റവ.ഡോ.സണ്ണി മണിയാകുന്നേല്‍ ഒസിഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ.ഡോ.തോമസ് മാന്‍പ്ര സിഎംഐ, റവ.ഡോ.ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ, റവ.ഡോ.ജോസ് ചേന്നാട്ടുശേരി സിഎംഐ, റവ.ഡോ.ഇഗ്നേഷ്യസ് പയ്യപ്പിള്ളി, സഖറിയ മാണി തട്ടുങ്കല്‍, ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ എന്നിവര്‍ രചിച്ച ഗ്രന്ഥങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, മാന്നാനം ആശ്രമം പ്രിയോണ്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, കോര്‍പറേറ്റ് മാനേജര്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ കാലങ്ങളിലൂടെ എന്ന വിഷയത്തില്‍ മാന്നാനം കെഇ സ്‌കൂളില്‍ നടക്കുന്ന അന്തര്‍ദേശീയ പഠനശിബിരം നാളെ സമാപിക്കും.
സിഎംഐ സഭയുടെ പുരാരേഖ വിഭാഗം ഭാരതത്തിലെ സുറിയാനി പൈതൃകത്തിനു നല്‍കുന്ന സംഭാവന വലുതാണെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠനശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഈ റിസര്‍ച്ച് സെന്റര്‍ ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. വിശുദ്ധ ചാവറയച്ചന്‍ പകര്‍ന്നുതന്ന പൈതൃകം അഭംഗുരം തുടരാന്‍ സിഎംഐ സഭയ്ക്ക് ഇപ്പോഴും കഴിയുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Powered by Facebook Comments