മാനവികതയുടെ പുരോഗതി ക്രൈസ്തവസഭയുടെ ലക്ഷ്യം : കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

0
10

ബംഗളൂരു: മാനവികതയുടെ പുരോഗതിയാണ് ക്രൈസ്തവസഭയുടെ ലക്ഷ്യമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മാനവികതയില്‍ ദൈവികത കൂട്ടിച്ചേര്‍ത്തവനാണു ക്രിസ്തു. ക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവമാണ്. സുവിശേഷവത്ക്കരണത്തിലൂടെ  സ്‌നേഹവും കാരുണ്യവും  ദയയും ക്ഷമയും പരസ്പര സ്‌നേഹവും കൂട്ടായ്മയും വര്‍ധിപ്പിക്കുമ്പോള്‍  സഭ ചെയ്യുന്നത് മാനവികതയുടെ സുവിശേഷവത്ക്കരണമാണ്. സഭയുടെ ദൗത്യമാണ് ഈ സന്ദേശം ലോകത്തെ അറിയിക്കുക എന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവില്‍ നടക്കുന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) യുടെ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ സിബിസിഐ സമ്മേളനം ചര്‍ച്ച ചെയ്യുന്ന പ്രമേയം സവിശേഷമായ കാലിക പ്രാധാന്യമുള്ളതാണ്. വൈവിധ്യത്തിലുള്ള ഏകത്വം, അത് ആവശ്യപ്പെടുന്ന ദൗത്യം, ആ ദൗത്യം കാരുണ്യത്തിലൂടെയും സാക്ഷിയിലൂടെയും  എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നിവയാണ് പ്രമേയത്തിന്റെ രത്‌നച്ചുരുക്കമെന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.  വൈവിധ്യത്തിലെ ഏകത്വം  ഇന്ത്യയില്‍ മാത്രമുള്ളതല്ല, പ്രകൃതിയില്‍ തന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്ന  ഒരു സ്വഭാവമാണ്. ഈ പ്രപഞ്ചം നാം വസിക്കുന്ന ഭൂമി, സൃഷ്ടിജാലങ്ങള്‍, ഇതുപോലെ മനുഷ്യരുടെ വിവിധങ്ങളായ സംസ്‌കാരങ്ങള്‍, ഭാഷകള്‍, മതങ്ങള്‍ തുടങ്ങിയ വളരെയേറെ വൈവിധ്യങ്ങളുള്ള ഒരു ലോകത്താണു ജീവിക്കുന്നത്. ഭാരതം ഈ വൈവിധ്യങ്ങളുടെയെല്ലാം ഒരു കലവറയാണ്. കാരണം ലോകത്തിലുള്ള വൈവിധ്യത്തിന്റെയെല്ലാം  ഒരു വലിയ പതിപ്പ് ഇവിടെയെല്ലാം ഉണ്ട്. എന്നിട്ടും നാം ഐക്യത്തില്‍  ജീവിക്കുന്ന രാഷ്ട്രമാണെന്നതു നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

വളരെയേറെ പ്രതിസന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമാണു കടന്നുപോകുന്നതെങ്കിലും ഭാരതം ഒരു രാഷ്ട്രമായി നിലനില്‍ക്കുകയും  പുരോഗതി പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും ഈ രാജ്യത്തെ  ജനത ഒന്നാണ്. എന്നാല്‍, മതവിശ്വാസങ്ങളുടെ പേരിലുള്ള മൗലികവാദവും മറ്റു മാനുഷിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലുള്ള, രാഷ്ട്രീയപ്രേരിതമെന്നു പോലും സംശയിക്കാവുന്ന ഭീകരപ്രവര്‍ത്തനങ്ങളും നമ്മുടെ നാട്ടില്‍ പതിവായിരിക്കുകയാണ്. തന്‍മൂലം വളരെയേറെ ജീവഹാനികളും നാശനഷ്ടങ്ങളും സംഭവിക്കുന്നു- മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

ക്രൈസ്തവരും മറ്റു മതവിശ്വാസികളുമെല്ലാം ഒന്നിച്ചു സഹവസിക്കുന്ന നമ്മുടെ രാജ്യത്ത് മതത്തിന്റെ പേരിലുള്ള മൗലികവാദം അടുത്തകാലത്തു വര്‍ധിച്ചിട്ടുണ്ട്. എല്ലാ മതങ്ങളിലും ഇത്തരം മൗലികവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുണ്ടാകും. ആ മൗലികവാദത്തെ പല രീതിയില്‍ വിശേഷിപ്പിക്കാറുണ്ട്. പല സംഘടനകള്‍ അത് അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് ആ മൗലികവാദത്തിന്റെ ഉത്തരവാദികള്‍ ഏതെങ്കിലും ഒരു വിഭാഗം പ്രവര്‍ത്തകരാണെന്നു നമുക്ക് പറയാന്‍ സാധിക്കില്ല.

മതമൗലിക ചിന്താഗതിക്കാര്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്ന പ്രവര്‍ത്തികള്‍ അടുത്ത കാലത്തു ധാരാളമായി സംഭവിക്കുന്നുണ്ട്. അത് ഒരിക്കലും നമ്മുടെ ഭാരതസംസ്‌കാരത്തിലു യോജിച്ചതല്ല. പാക്കിസ്ഥാനുമായുള്ള തര്‍ക്കവിതര്‍ക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായി രാജ്യത്തിനു നേരെയുണ്ടാകുന്ന ഭീകരവാദവും നമുക്കു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഒരിക്കലും മതപരിവര്‍ത്തനമല്ല സഭയുടെ ലക്ഷ്യം. സഭ സുവിശേഷവത്ക്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്തുവിനെ അറിയിക്കുക, അവിടുത്തെ സുവിശേഷത്തിന്റെ മൂല്യങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണ്. എല്ലാവര്‍ക്കും സ്വീകാര്യമായിട്ടുള്ളതാണത്. ആ മൂല്യങ്ങളുടെ പങ്കുവയ്ക്കല്‍ വഴിയായി ഭാരതസമൂഹത്തെ ഉയര്‍ന്ന സമൂഹമായി മാറ്റിയെടുക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.

ഭാരതം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വളരെയേറെ പുരോഗമിക്കുകയാണ്. പക്ഷേ സമൂഹത്തില്‍ പൊതുവായ ഒരൂ പുരോഗതിയുണ്ടാകണം. പാവപ്പെട്ടവരും പാര്‍പ്പിടമില്ലാത്തവരും സമൂഹത്തില്‍ സത്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും അനുഗ്രഹം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ അതു കൊടുക്കാനുള്ള ഒരു ഉത്തരവാദിത്വം സഭ കാണുന്നുണ്ട്.

ക്രിസ്തു ചെയ്തത് അതാണ്. എപ്പോഴും ജനങ്ങളോടൊപ്പമായിരുന്നു ക്രിസ്തു. അതുപോലെ ക്രൈസ്തവരും ജനങ്ങളോടൊപ്പം നിന്നുകൊണ്ട്, പാവപ്പെട്ടവരും ദരിദ്രരും ഭിന്നശേഷിക്കാരും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുമായ ആളുകളെ സമത്വത്തിലേക്കു കൊണ്ടുവരാനുള്ള പരിശ്രമം ക്രൈസ്തവസഭയുടെ ഉത്തരവാദിത്വമായി ക്രിസ്തുവില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ളതാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനത്തിന്റെ പരിശ്രമങ്ങളായി കണ്ടു ക്രൈസ്തവരെ വിമര്‍ശിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ മതങ്ങളും  ഇവിടെ സൗഹാര്‍ദത്തോടുകൂടി കഴിയണം.

ഈ ചിന്തകളാണ് ഇത്തവണത്തെ സിബിസിഐ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. സഭ ശുശ്രൂഷകയാണ്. സഭ എല്ലാ ശുശ്രൂഷകളും ചെയ്യുന്നത് ജനങ്ങളുടെ നന്‍മയ്ക്കു വേണ്ടി മാത്രമായിരിക്കണമെന്നും ഒരിക്കലും ഒരു ഔന്നത്യഭാവത്തില്‍ നിന്ന് ചെയ്യുന്ന പ്രവര്‍ത്തനമല്ലാതെ സമത്വബോധത്തോടെ  എല്ലാവരെയും കണ്ടു പ്രവര്‍ത്തിക്കണമെന്നുള്ള ഒരു വീക്ഷണവും സുവിശേഷ ചൈതന്യത്തോടു ചേര്‍ന്നു സിബിസിഐ സമ്മേളനത്തില്‍ വളരെ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

Comments

comments

Powered by Facebook Comments