ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി

0
25

ആലപ്പുഴ : ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി. അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒഴുകിയെത്തിയ വിശ്വാസീസാഗരത്തെ സാക്ഷി നിര്‍ത്തി, മുഖ്യകാര്‍മികള്‍ ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയിലും സഹകാര്‍മികരായ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമനും കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിലും ചേര്‍ന്ന് അഭിഷേക കര്‍മ്മം നിര്‍വഹിച്ചു.

സ്വാഗതം……സ്വാഗതം……നല്ലിടയനു സ്വാഗതം……..നവഇടയനു സ്വാഗതം എന്നു തുടങ്ങിയ സ്വാഗത ഗാനത്തിന്റെയും ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെ ബസിലിക്കയ്ക്കു മുന്നിലെ ജംഗ്ഷനില്‍ നിന്ന് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെയും നിയുക്ത മെത്രാന്‍ ഡോ.ജയിംസ് ആനാപറമ്പിലിന്റെയും ചടങ്ങിനെത്തിയ ബിഷപ്പുമാരെയും സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി മോണ്‍. ഹെന്‍ട്രി ജഗോസ് സിസ്‌ക്രി  ലത്തീന്‍ ഭാഷയിലുള്ള ഡിക്രി വായിച്ചു.

രൂപത ചാന്‍സലര്‍ റവ.ഡോ.യേശുദാസ് കാട്ടുങ്കല്‍ തയ്യില്‍ മലയാള പരിഭാഷയും വായിച്ചു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം സുവിശേഷ പ്രഘോഷണവും നടത്തി.

സകല വിശുദ്ധരുടെയും പ്രാര്‍ത്ഥനാമാല വിശ്വാസീ സമൂഹം ചൊല്ലിയപ്പോള്‍ നിയുക്ത മെത്രാന്‍ അള്‍ത്താരയ്ക്കു മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി പ്രാര്‍ത്ഥനയില്‍ മുഴുകി.

പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ മുഖ്യകാര്‍മികനും മെത്രാന്‍മാരും നിയുക്ത മെത്രാന്റെ ശിരസില്‍ കൈവെച്ചു. ശിരസിനു മീതെ തുറന്ന സുവിശേഷ ഗ്രന്ഥം വെച്ച് പ്രതിഷ്ഠാപന പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്നായിരുന്നു തൈലാഭിഷേകവും ശിരോലേപനവും. സുവിശേഷഗ്രന്ഥവും ഭരമേല്‍പ്പിച്ചു. തുടര്‍ന്ന് അഭിഷിക്ത മെത്രാന്റെ വലതു കൈയില്‍ മോതിരമണിയിച്ച ശേഷം ശിരസില്‍ അംശമുടി ചാര്‍ത്തി. ജനപരിപാലനാധികാര ചിഹ്നമായ അധികാരദണ്ഡു നല്‍കിയതോടെ മെത്രാഭിഷേക കര്‍മത്തിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് നവാഭിഷിക്തന്‍ പ്രധാന കാര്‍മികരില്‍ നിന്നും സന്നിഹിതരായ മറ്റു മെത്രാന്‍മാരില്‍ നിന്നും സമാധാന ചുംബനം സ്വീകരിച്ചു. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചു. ചടങ്ങുകള്‍ക്കൊടുവില്‍ ബിഷപ് ഡോ.ജയിംസ് ആനാപറമ്പില്‍ ദൈവജനത്തെ അഭിസംബോധന ചെയ്തു.

Comments

comments

Powered by Facebook Comments