ക്രൈസ്തവ സാഹോദര്യത്തിന്റെ സന്ദേശവാഹകരാകണം : മാര്‍ പെരുന്തോട്ടം

0
21

ചങ്ങനാശേരി : വചനവിരുന്നിന്റെ ആത്മീയ നിറവില്‍ ചങ്ങനാശേരി അതിരൂപത 19-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ പാറേ പള്ളി മൈതാനത്ത് തുടക്കമായി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു.

ക്രിസ്തുവിന്റെ ജീവനുള്ള സുവിശേഷ ഹൃദയത്തില്‍ സ്വീകരിച്ച് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകരാകുവാന്‍ ക്രൈസ്തവര്‍ക്കു കഴിയണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

കരുണയുടെ ദൈവത്തെ ലോകത്തില്‍ പ്രകാശിതമാക്കാന്‍ നമുക്ക് കഴിയണം. ദൈവവചനം തെറ്റുകൂടാതെ വ്യാഖ്യാനിക്കാനുള്ള അധികാരം സഭയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വചനത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ദൈവജനത്തെ വഴിതെറ്റിക്കാനിടയാക്കും. സഭയോട് ചേര്‍ന്ന് സഭയുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ ദൈവജനം ഹൃദിസ്ഥമാക്കണം. സഭയുടെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും വൈവിധ്യങ്ങളിലെ ഏകത്വവും ഇതിലെ ദൈവികരഹസ്യവും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളണം. എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സമഭാവനയോടെ കാണാനും കഴിയണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു.

മെത്രാപ്പോലീത്ത പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍ പുര, ജനറല്‍ കണ്‍വീനര്‍, ഫാ.ജേക്കബ് വാരിക്കാട്ട്, കോ-ഓഡിനേറ്റര്‍ ഫാ.തോമസ് പ്ലാപ്പറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ പ്രൊഫ.സെബാസ്റ്റ്യന്‍ വര്‍ഗീസ്, കൈക്കാരന്‍ മാത്തുക്കുട്ടി പൊട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍.മാണി പുതിയിടം വിഷയാവതരണ പ്രസംഗം നടത്തി. റവ.ഡോ.സിറിയക്  വലിയ കുന്നുപുറം, ഫാ.ജോസഫ്  പുത്തന്‍പുര ഒഎഫ്എം കപ്പൂച്ചി എന്നിവര്‍ വചനപ്രഘോഷണം നടത്തി. രാവിലെ വികാരി ജനറല്‍ മോണ്‍.ജയിംസ് പാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചങ്ങനാശേരി ഫൊറോനായിലെ  വൈദികരും വൈകുന്നേരം റവ.ഡോ.മാത്യു ചങ്ങങ്കരിയും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ.ജേക്കബ് കുഴിപ്പള്ളില്‍, ഫാ.സെബാസ്റ്റ്യന്‍ കൂട്ടുമ്മേല്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നയിച്ചു.

Comments

comments

Powered by Facebook Comments