കൊച്ചി : ചരിത്ര ചക്രവാളത്തില്‍ ഭാസുരനക്ഷത്രമായി പ്രകാശിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ദര്‍ശനങ്ങള്‍ വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നു പ്രൊഫ.എം.കെ.സാനു. ചാവറയച്ചന് എഴുതിയ ”ഒരു നല്ല അപ്പന്റെ ചാവറുള്” പുസ്തകത്തിന്റെ 150-ാം വാര്‍ഷികവും 213-ാമതു ചാവറ ജയന്തിയും എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്കാലത്തെയും കുടുംബങ്ങള്‍ക്കുള്ള വേദപുസ്തകമായി കണക്കാക്കേണ്ട ‘ചാവരുളിലെ’ ഓരോ വാക്കും രത്നം പോലെ പ്രകാശിക്കുന്നതാണ്. ഹൃദയങ്ങളില്‍ അനശ്വരമായി സൂക്ഷിക്കേണ്ടതാണ് ”ചാവരുളിലെ” സ്നേഹോപദേശങ്ങള്‍. രാഷ്ട്രത്തിന്റെ അടിത്തറയായ കുടുംബങ്ങളില്‍ സ്നേഹസാന്ദ്രമായ ഐക്യം ശിഥിലമാകുന്ന കാലഘട്ടമാണിത്. സൈബര്‍യുഗം വ്യക്തികളെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ദ്വീപുകളാകാന്‍ പ്രേരിപ്പിക്കുന്നു. അന്ധകാരം നിറയുന്ന ലോകത്തിനു പ്രതീക്ഷയുടെ വെളിച്ചം പകരുന്നുണ്ട് ചാവറ ദര്‍ശനങ്ങളും ചാവരുളും.
കേരളം ചാവറയച്ചന്റെ സാന്നിധ്യത്തിലൂടെ അനുഭവിച്ച ഉത്കര്‍ഷം, അദ്ദേഹത്തിന്റെ കൃതികള്‍, സാമൂഹ്യസംഭാവനകള് എന്നിവയെല്ലാം വാക്കുകള്‍ക്കൊണ്ട് അടയാളപ്പെടുത്തിയാല്‍ പൂര്‍ണ്ണമാവില്ല. നാടകങ്ങളെക്കുറിച്ചുള്ള കേരളം കേള്‍ക്കുന്നതിനു മുന്‍പേ അദ്ദേഹം നാടകം എഴുതി അവതരിപ്പിച്ചു. ഉച്ചനീചത്വങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലൂടെയല്ലാതെ കേരളീയസമൂഹത്തിന്റെ അന്ധകാരം മാറില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ അതുല്യമാണ്. രാജ്യമാനസത്തെ പ്രക്ഷുബ്ധമാക്കുന്ന ദളിത്, സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ചാവറയച്ചന്റെ നിലപാടുകള്‍ ശക്തമായിരുന്നുവെന്നും എം.കെ.സാനു പറഞ്ഞു.
സി.എം.സി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ.സിബി അധ്യക്ഷത വഹിച്ചു. ചാവറയരുളിന്റെയും ആനുകാലിയ യാഥാര്‍ത്ഥ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മക്കളെ എങ്ങനെ നല്ലവരായി വളര്‍ത്താം, മക്കളുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ സ്വാധീനം, ആനുകാലിക കുടുംബബന്ധങ്ങളില്‍ മൂല്യബോധനം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.സി.വി.ആനന്ദബോസ്, ലിഡ ജേക്കബ്, കെ.വി.സജയ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.
മൂന്നിനു സി.എം.ഐ പ്രിയോണ്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി സമാപന സന്ദേശം നല്കി. സി.എം.ഐ വികാരി ജനറല്‍ ഫാ.വര്‍ഗീസ് വിതയത്തില്‍ സി.എം.സി വികാരി ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, ഫാ.സാജു ചക്കാലയ്ക്കല്‍, ഫാ.റോബിന് കണ്ണന്‍ചിറ, സിസ്റ്ററ് സോജ മരിയ എന്നിവര്‍ പ്രസംഗിച്ചു.
ചാവറയച്ചനെയും ചാവരുളിനെയും ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരങ്ങള്‍, സംഗീതം, ഏകാങ്കനാടകം എന്നിവയുണ്ടായിരുന്നു. വിവിധ ഓഡിയോ, വീഡിയോ ആല്‍ബങ്ങളുടെ പ്രകാശനവും നടന്നു. സിഎംഐ, സിഎംസി സമര്‍പ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണു ചാവരുളിന്റെ 150-ാം വാര്‍ഷികവും 213-ാമതു ചാവറ ജയന്തിയും സംഘടിപ്പിച്ചത്.
Comments
Powered by Facebook Comments