മാനവപൂര്‍ണതയുടെ തുടര്‍ക്കഥയാണ് മിഷനറിമാര്‍ : മാര്‍ ആലഞ്ചേരി

0
29

മേലമ്പാറ : മാനവപൂര്‍ണതയുടെ തുടര്‍ക്കഥയാണ് മിഷനറിമാരെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയ്യിരുന്നു കര്‍ദ്ദിനാള്‍.

കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷനറിമാര്‍ക്കുള്ളത്. മാനവീകരണം ലക്ഷ്യമാക്കി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എംഎസ്ടി മിഷനറിമാരെ കര്‍ദ്ദിനാള്‍ പ്രത്യേകം ശ്ലാഘിച്ചു. എംഎസ്ടിയുടെ പ്രേഷിത ശക്തി അതിലെ മിഷനറിമാരെ സ്‌നേഹിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവരാജ്യനിര്‍മിതിക്കു വേണ്ടിയാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്രിസ്തു ചൈതന്യത്തില്‍ നിറഞ്ഞ് ഉത്തമ പ്രേഷിതരാകാന്‍ അദ്ദേഹം മിഷനറിമാരെ ആഹ്വാനം ചെയ്തു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വടക്കേല്‍, കെ.എം.മാണി എം.എല്‍.എ, എസ്.എം.എസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ശോഭാ കുറ്റിയത്ത്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ടോണി നീലങ്കാവില്‍, നിയുക്ത ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു. എം.എസ്.ടി ഡയറക്ടര്‍ ജനറല്‍ ഫാ.കുര്യന്‍ അമ്മനത്തുകുന്നേല്‍ സ്വാഗതവും വൈസ് ഡയറക്ടര്‍ ജനറല്‍ ഫാ.ജോസഫ് പാലക്കീന്‍ നന്ദിയും പറഞ്ഞു.

എസ്.എച്ച് സ്‌കൂളിലെ കുട്ടികളുടെ ഡാന്‍സും എം.എസ്.ടി വൈദികരുടെ സംഗീത സന്ധ്യയും സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരുന്നു. സുവര്‍ണ ജൂബിലി ആഘോഷ സമാപനദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന കൃതജ്ഞതാബലിക്ക് തലശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്നലെ തിരശീല വീണത്.

Comments

comments

Powered by Facebook Comments