കുരിശിന്റെവഴിയില്‍ രക്തം വാര്‍ന്നു ഫാ.തേലക്കാട്ട് യാത്രയായി

0
49

മലയാറ്റൂര്‍ : മലയാറ്റൂര്‍ കുരിശുമുടിയില്‍ ക്രിസ്തുവിന്റെ പീഡാനുഭവ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന പതിന്നാലുസ്ഥലങ്ങള്‍ താണ്ടിയുള്ള മലയിറക്കം പൂര്‍ത്തിയാക്കാന്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനു സാധിച്ചില്ല. പാതിവഴിയില്‍ അക്രമിയുടെ കത്തിക്കിരയായി അദ്ദേഹം കുരിശിന്റെ വഴിയില്‍ ജീവന്‍ വെടിഞ്ഞു. കുത്തേറ്റു രക്തം വാര്‍ന്നൊഴുകിയുള്ള അച്ചന്റെ ദാരുണാന്ത്യത്തിനു സാക്ഷിയായി സഹായിയായ സെബിയൂന്‍ സ്വദേശി മനു മാടവനയുണ്ടായിരുന്നു. ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുള്ള ഫാ.തേലക്കാട്ട് ഏതാനും നാളുകളായി മല കയറുമ്പോള്‍ സഹായികളെ ഒപ്പം കൂട്ടാറുണ്ട്.

സംഭവത്തെക്കുറിച്ചു ദൃക്‌സാക്ഷിയായ മനു പറയുന്നതിങ്ങനെ : രാവിലെ ഏഴരയോടെയാണ് അടിവാരത്തുനിന്ന് അച്ചനൊപ്പം മല കയറിയത്. കുരിശുമുടിയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണ പൈപ്പുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും  സജ്ജീകരണങ്ങള്‍ അച്ചന്‍ നേരിട്ടെത്തി വിലയിരുത്തി. നാലിന് ആരംഭിക്കുന്ന ഫെറോനാതല തീര്‍ത്ഥാടത്തിന്റെ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. ദേവാലയത്തിലും സമീപത്തെ സന്നിധിയിലും തീര്‍ത്ഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നലകി. പതിനൊന്നരയോടെയാണു മലയിറക്കം തുടങ്ങിയത്.  ആറാം സ്ഥലത്തെത്തിയപ്പോഴാണു മല കയറിവന്ന മുന്‍ കപ്യാര്‍ ജോണി ഫാ.തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി തന്റെ സസ്‌പെന്‍ഷനെ കുറിച്ചു ചോദിച്ചത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ജോണി ദേഷ്യത്തോടെ അച്ചനോടു കയര്‍ത്തു സംസാരിച്ചു. ഓഫീസിലെത്തി സംസാരിക്കാമെന്നു പറഞ്ഞു ശാന്തനാക്കാന്‍ അച്ചന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജോണി അച്ചന്റെ ഇടതുകാലില്‍ കുത്തുകയായിരുന്നു. വീണ്ടും ഭീഷണി മുഴക്കിയ ജോണി വേഗത്തില്‍ വനത്തിലേക്ക് ഓടി മറഞ്ഞു.

കൈയിലുണ്ടായിരുന്ന തുവാലയുപയോഗിച്ചു കുത്തേറ്റ ഭാഗം ഞാന്‍ കെട്ടിവെച്ചെങ്കിലും രക്തപ്രവാഹം നിലച്ചില്ല. ആറാം സ്ഥലത്തു പ്ലംബിംഗ് ജോലികളിലേര്‍പ്പെട്ടിരുന്ന കറുകുറ്റി സ്വദേശികളായ രണ്ടു പേരുടെ സഹായത്തോടെ അച്ചനെ താങ്ങിയെടുത്തു മലയിറങ്ങി. ഒന്നാം സ്ഥലത്തെത്തിയപ്പോള്‍ മറ്റു രണ്ടുപേര്‍കൂടി സഹായത്തിനെത്തി. തുടര്‍ന്നാണു ഫോണിലൂടെ പള്ളിയിലുള്ളവരെയും സുഹൃത്തുക്കളെയും വിവരമറിയിക്കാനായത്. അവര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ അച്ചന്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവന്റെ തുടിപ്പുണ്ടായിരുന്നു. കരഞ്ഞുകൊണ്ട് മനു പറഞ്ഞു നിര്‍ത്തി.

Comments

comments

Powered by Facebook Comments