അഭയാ കേസ് ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

0
23

തിരുവനന്തപുരം : അഭയാകേസില്‍ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഫാ.തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി.മൈക്കിള്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപരും സിബിഐ പ്രത്യേക കോടതി വിധിച്ചു. ഈ മാസം 28ന് കോടതി പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിക്കും.

ഫാ.ജോസ് പൂതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നിരീക്ഷണം ശരിവച്ചാണ് കോടതി ഉത്തരവ്. വിധി പറയുന്നതു രണ്ടു തവണ മാറ്റിയശേഷമാണ് ഇന്നലെ വിധി വന്നത്. ക്രൈം ബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.സാമുവലിനെയും കോട്ടയം വെസ്റ്റ്  പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന അഗസ്റ്റിനെയും പ്രതിചേര്‍ത്തിരുന്നെങ്കിലും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ ഇവര്‍ മരണമടഞ്ഞു.

1992 മാര്‍ച്ച് 27നു രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തുടര്‍ന്നു സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2008 നവംബറിലാണു കുറ്റാരോപിതരെ സിബിഐ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു പിന്നീടു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനുശേഷമാണു കേസ് കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി മൂവരും വിടുതല്‍ഹര്‍ജി നല്‍കിയത്.

Comments

comments

Powered by Facebook Comments