ഉജ്ജയിന്‍ പുഷ്പ ആശുപത്രി ആക്രമണം : സിബിസിഐ ആശങ്ക രേഖപ്പെടുത്തി

0
31

ന്യൂഡല്‍ഹി : ഉജ്ജയിന്‍ രൂപത നടത്തുന്ന പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ ഈ മാസം 12നു സാമൂഹ്യവിരുദ്ധര്‍ നടത്തിയ ഹീനമായ ആക്രമണത്തെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. കഴിഞ്ഞ 44 വര്‍ഷമായി പ്രദേശത്തെ പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും ആതുരശുശ്രൂഷ നല്‍കിവരുന്ന ഉജ്ജയിന്‍ പുഷ്പ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ കടുത്ത വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതായി സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തസംഭവമാണ് പുഷ്പ ആശുപത്രിക്കു നേരെ നടന്ന ആക്രമണം. ഈ മാസം 12ന് ഗഗന്‍സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ അറുപതോളംപേര്‍ മാരകായുധങ്ങളുമായി പുഷ്പ ആശുപത്രി വളപ്പില്‍ അതിക്രമിച്ചു കടക്കുകയും രണ്ടു ജെസിബികള്‍ ഉപയോഗിച്ചു മതിലുകള്‍ പൊളിക്കുകയുമായിരുന്നു. അവര്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം തടഞ്ഞു. വൈദ്യുതി വിതരണവും ജലവിതരണവും തടസ്സപ്പെടുത്തി. ഇതു രോഗികള്‍ക്കു കടുത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. അക്രമികള്‍ ആശുപത്രിയിലെ സ്ത്രീജീവനക്കാരെയും കന്യാസ്ത്രീകളെയും അത്യന്തം മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.

ആക്രമണവിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ല. സംസ്ഥാന ഗവര്‍ണറുടെ ഉജ്ജയിന്‍ സന്ദര്‍ശനം പ്രമാണിച്ചു തിരക്കിലായിരുന്നു എന്നാണു വിശദീകരണം. ഉജ്ജയിന്‍ രൂപതാ അധികൃതരും പുഷ്പമിഷന്‍ ആശുപത്രി അധികൃതരും രേഖാമൂലം പരാതി നല്‍കിയിട്ടും അക്രമികളില്‍ നിന്നു സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ അധികൃതരുടെ സമീപനം ആശങ്കയുളവാക്കുന്നു.

ആശുപത്രിക്കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥളം കഴിഞ്ഞ 57 വര്‍ഷമായി സഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോള്‍ ചില രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തോടെയാണ് അതിലൊരു ഭാഗത്തിന് അവകാശമുന്നയിക്കുന്നത്. ഈ ആക്രമണത്തിനു മുന്‍പ് ജനുവരി 27, 28, 30 തീയതികളിലും ചിലര്‍ വന്നു ബഹളമുണ്ടാക്കുകയും ആശുപത്രിക്കു നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു.

2017 ഡിസംബര്‍ സത്‌നയില്‍ കരോള്‍ സംഘത്തിനു നേരെ നടന്ന അക്രമണത്തിന്റെയും ഈ വര്‍ഷം ജനുവരിയില്‍ വിദിശ സെന്റ് മേരീസ് കോളജിനു നേരെ നടന്ന ആക്രമണത്തിന്റെയും തുടര്‍ച്ചയാണ് ഉജ്ജന്‍ സംഭവം. കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്‍പിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മധ്യപ്രദേശ് റീജണല്‍ ബിഷപ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ചബിഷപ് ലിയോ കൊര്‍ണേലിയോ, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡോര്‍ മസക്രിനാസ്, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Comments

comments

Powered by Facebook Comments