കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സാര്‍വത്രികമാനമാകണം : മാര്‍ പെരുന്തോട്ടം

0
27

മാന്നാനം : സഭയില്‍ രൂപപ്പെടുന്ന കൂട്ടായ്മയില്‍ നിന്നുകൊണ്ട് സര്‍വമനുഷ്യര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സാര്‍വത്രികമാനമാകണം കത്തോലിക്കാ കോണ്‍ഗ്രസിന് ഉണ്ടാകേണ്ടതെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അതിരൂപതാതല നേതൃസംഗമം ആത്മീയ സഹവാസം മാന്നാനം ആശ്രമദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ പ്രകാശമാകുക എന്ന സഭയുടെ നിയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന വെളിച്ചമാകണം. സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമീപനമായിരിക്കണം കത്തോലിക്കാ കോണ്‍ഗ്രസിന്റേത് – മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

അതിരൂപതാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ ആമുഖ പ്രഭാഷണവും മാന്നാനം ആശ്രമം പ്രിയോണ്‍ ഫാ.സ്‌കറിയ എതിരേറ്റ് സി.എം.ഐ മുഖ്യ സന്ദേശവും നല്‍കി. അതിരൂപതാ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറര്‍ സിബി മുക്കാടന്‍, ഗ്ലോബല്‍ സെക്രട്ടറി പ്രൊഫ.ജാന്‍സണ്‍ ജോസഫ്, പ്രവര്‍ത്തക സമിതി അംഗം പി.പി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശതാബ്ദി ആഘോഷ സമാപന പരിപാടികളും വിവിധ പ്രവര്‍ത്തന പരിപാടികളും നേതൃസംഗമം ചര്‍ച്ച ചെയ്തു. വിശുദ്ധ കുര്‍ബാനയോടെയാണ് ആത്മീയ സഹവാസം ആരംഭിച്ചത്.

Comments

comments

Powered by Facebook Comments