മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തോടു കേന്ദ്രത്തിന് ക്രിയാത്മക സമീപനമെന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

0
71

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള മുഴുവന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അഭിലാഷത്തോട് കേന്ദ്രസര്‍ക്കാരിന് ക്രിയ്മക സമീപനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ്. എന്നാല്‍, ഇക്കാര്യത്തില്‍ മോദി എന്തെങ്കിലും ഉറപ്പു നല്‍കിയില്ല.

മാര്‍പാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികള്‍ കണ്ടെത്തുന്നതാണു പ്രയാസമെന്നാണ് മോദി പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം രാജ്യത്തിന് ദീര്‍ഘകാലത്തേക്ക് വലിയതോതില്‍ ഗുണപ്രദമാകുമെന്ന് പ്രധാനമന്ത്രിയോട് ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ലോകമെങ്ങും എല്ലാ വിശ്വാസങ്ങളില്‍പ്പെട്ടവരും വളരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും കര്‍ദിനാള്‍ പറഞ്ഞു.

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിക്ക് കത്തു നല്‍കിയതായും കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു. പ്രധാനമന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച രാജ്യത്തിനും ക്രൈസ്തവര്‍ക്കാകെയും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

വളരെ സൗഹാര്‍ദപരവും തുറന്ന മനസോടെയുമായിരുന്നു ചര്‍ച്ച. രാജ്യത്തെ കത്തോലിക്കാ സമുദായവും കേന്ദ്രസര്‍ക്കാരും തമ്മില്‍ പാലം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നു വിശ്വസിക്കുന്നു. എന്തു കാര്യങ്ങള്‍ക്കും എപ്പോഴും തന്നെ സമീപിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായും സിബിസിഐ പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നു മോദി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാണ്. ജാതിക്കും മതത്തിനും അതീതമായാണു പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ക്ഷേമവും ദാരിദ്രനിര്‍മാര്‍ജനവുമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞതായി കര്‍ദിനാള്‍ അറിയിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകള്‍ മാറ്റാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശക്തമായ സന്ദേശം നല്‍കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍ ജോസഫ് ചിന്നയ്യനും കര്‍ദിനാളിനെ അനുഗമിച്ചിരുന്നു. രാഷ്ട്രനിര്‍മാണത്തില്‍ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രാധമന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ കത്തോലിക്കാ സമുദായം തങ്ങളുടെ അംഗസംഖ്യ അനുസരിച്ചുള്ളതിനേക്കാള്‍ വലിയ സേവനം നടത്തുന്നതു തുടരണമെന്ന് മോദി ആവശ്യപ്പെട്ടു.

സിബിസിഐ പ്രസിഡന്റായി രണ്ടാം തവണയും ചുമതലയേറ്റ കര്‍ദിനാള്‍ ഓസ്വാര്‍ഡ്

ഇന്ന് രാജ്യത്തെ ക്രൈസ്തവ എം.പിമാരുമായി കൂടിക്കാഴ്ച നടത്തും. എം.പിമാര്‍ക്ക് അത്താഴവിരുന്നു നല്‍കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘംത്തിലെ ഒന്‍പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച് ബിഷപ്പുമായ ഡോ.ഓസ്വര്‍ഡ് ഗ്രേഷ്യസ്, സിബിസിഐയുടെയും ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ഫെഡറേഷന്റെയും (എഫ്എബിസി), ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍മാരുടെ കൗണ്‍സിലിന്റെയും (സിബിസിഐ) പ്രസിഡന്റുമാണ്.

Comments

comments

Powered by Facebook Comments