സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്നു സിബിസിഐ പ്രസിഡന്റ്

0
64

ന്യൂഡല്‍ഹി : കത്തോലിക്കാ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്കു വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ് സ്വയംഭരണാധികാരമുള്ള സഭ ആയതിനാല്‍ സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളില്‍ സിബിസിഐ ഇടപെടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹത്തെ നേരില്‍ കണ്ടു പറഞ്ഞിട്ടുണ്ടെന്നും ഡോ.ഓസ്വാര്‍ഡ് പറഞ്ഞു.

സിബിസിഐ യുടെ മുന്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ് വിശദീകരിച്ചു.

രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളില്‍ കാനന്‍ നിയമവും ഉള്ളതിനാല്‍ ചര്‍ച്ച് ആക്‌ടോ മറ്റേതെങ്കിലും സര്‍ക്കാര്‍ നിയമമോ വേണമെന്ന നിര്‍ദ്ദേശങ്ങളോട് യോജിപ്പില്ലെന്ന് സിബിസിഐ പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍, സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ഭരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണം.

സഭയിലെ ചിലരുടെ തെറ്റായ പ്രവണതകളെ സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് സിബിസിഐ പ്രസിഡന്റ് തറപ്പിച്ച് പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. സഭയ്ക്കകത്തെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ പരിഹരിക്കണം. അതാണ് എല്ലാവര്‍ക്കും നല്ലത്. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. കാനന്‍ നിയമത്തിലും അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതിയില്‍ മറിച്ചു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മനസ് അല്ലെന്നും വക്കീലിന് തെറ്റിയതാണെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Powered by Facebook Comments