ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം : ഫാ.ജോസഫ് പുത്തന്‍പുരക്കല്‍

0
73

ഗാര്‍ലന്റ് (ഡാളസ്) : ജീവിതത്തില്‍ നാം ഏറ്റവും അധികം ഇഷ്ടപ്പെടുന്നതെന്തോ അതു നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തവരിലാണു വിശ്വാസത്തിന്റെ ആഴം ദര്‍ശിക്കുവാന്‍ കഴിയുന്നതെന്ന് ധ്യാനഗുരുവും വേദപണ്ഡിതനുമായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു.

ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ദേവാലയത്തില്‍ മാര്‍ച്ച് 22 മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന നോന്‍പുകാല ധ്യാനത്തിന്റെ പ്രാരംഭ ദിവസം ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഫാ.ജോസഫ്. ജാതിമത ഭേദമന്യേ നിരവധിപേര്‍ അച്ചന്റെ ധ്യാന പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്റെ വിവിധ തലങ്ങളെ സവിസ്തരവും സരസവുമായി അച്ചന്‍ വിശദീകരിച്ചു.

അഹത്തേയും ജഡത്തേയും ഒരുപോലെ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ദൈവം ചൂണ്ടിക്കാണിക്കുന്ന സ്ഥലത്തേക്ക് വിശ്വാസത്തോടെ യാത്ര പുറപ്പെടാനാകുവെന്നും, വിശ്വാസം എന്നതു ഇരുട്ടിലേക്കുള്ള എടുത്ത ചാട്ടമാണെങ്കിലും അവിടെയും ദൈവത്തിന്റെ അദൃശ്യകരങ്ങളില്‍ നാം സുരക്ഷിതരായിരിക്കണമെന്നും ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ ചൂണ്ടിക്കാട്ടി.

കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ ഉദിക്കുന്നു, പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നു എന്നു നാം പറയുമ്പോഴും സൂര്യന്‍ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ലെന്നതു മാനുഷിക ബുദ്ധിക്കും അപ്പുറത്തേക്കുള്ള വിശ്വാസത്തിന്റെ വളര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി.

മനുഷ്യ ജീവതത്തിന്റെ താല്‍കാലികതയെ കുറിച്ചും മരണശേഷം ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചും അച്ചന്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. കര്‍ത്താവായ യേശുവേ ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചു തരേണമേ എന്ന പ്രാര്‍ത്ഥനയോടുകൂടെയാണ് ഫാദര്‍ തന്റെ ധ്യാന പ്രസംഗം ഉപസംഹരിച്ചത്. മാര്‍ച്ച് 23ന് വൈകിട്ട് 5 മുതല്‍ 9 വരെയും, 24 ശനി രാവിലെ 8.30 മുതല്‍ 5.30 വരെയും, 25 ഞായര്‍ രാവിലെ 8.30 മുതല്‍ 4.30 വരേയും നടക്കുന്ന ധ്യാനയോഗങ്ങളില്‍ എല്ലാവരും സംബന്ധിക്കണമെന്ന് വികാരി ജോര്‍ജ്ജ് ഇളംമ്പശ്ശേരിയില്‍ അഭ്യര്‍ത്ഥിച്ചു.

Comments

comments

Powered by Facebook Comments