മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും

0
34

കരിന്‍പന്‍ :  ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാഭിഷേകത്തിനു മുഖ്യകാര്‍മികത്വം വഹിക്കും.

ഇടുക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലും സഹകാര്‍മികരായിരിക്കും.

ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക പരിപാടികള്‍ക്കു തുടക്കമാകും. ഏറ്റവും മുന്നിലായി മാര്‍ തോമാ കുരിശും അതിന്റെ പിന്നിലായി ധൂപക്കുറ്റി, കത്തിച്ച തിരികള്‍, വിശുദ്ധ ഗ്രന്ഥം എന്നിവ സംവഹിക്കപ്പെടും. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും അവര്‍ക്കു പിന്നാലെ മെത്രാന്‍മാരും അവര്‍ക്കു പിന്നില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും പ്രദക്ഷിണത്തില്‍ പങ്കുചേരും. ഇവര്‍ക്കൊപ്പം മുഖ്യകാര്‍മികനും സഹകാര്‍മികരും തിരുക്കര്‍മങ്ങളുടെ ആര്‍ച്ച് ഡീക്കണ്‍ മോണ്‍ ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങള്‍ നിയന്ത്രിക്കുന്ന വൈദികരും അണിനിരക്കും. പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുന്നതോടെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും.

മെത്രാഭിഷേകത്തിനു ശേഷം കോതമംഗലം ബിഷപ് എമെരിത്തൂസ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘ഇടയന്റെ പാദമുദ്രകള്‍’ എന്ന സ്മരണിക പ്രകാശനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം മണി, യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാര്‍ ജൂലിയസ്, ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പി.ജി.ജോസഫ് എം.എല്‍.എ, കത്തീഡ്രല്‍ വികാരി ഫാ.ജോസ് ചെമ്മരപ്പള്ളി, ഫാ.പോള്‍ പാറേക്കാട്ടില്‍ സി.എം.ഐ, സിസ്റ്റര്‍ ആലീസ് മരിയ സി.എം.സി, മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ ആശംസകള്‍ നേരും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. മെത്രാഭിഷേക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍.ജോസ് പ്ലാച്ചിക്കല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി ലൂക്കാച്ചന്‍ കൃതജ്ഞതയും പറയും.

പതിനയ്യായിരം പേര്‍ക്കിരിക്കാവുന്ന പന്തലും എല്ലാവര്‍ക്കും പരിപാടികള്‍ കാണത്തക്ക വിധത്തിലുള്ള എല്‍ഇഡി വോളുകളും ക്രമീകരിച്ചു. കുടിവെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ ക്രമീകരണങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി 20 കമ്മിറ്റികള്‍ ഒരുക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. പരിപാടിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.

Comments

comments

Powered by Facebook Comments