ഷിക്കാഗോ മലയാളിസമൂഹം ആഹ്ലാദത്തില്‍ : രണ്ടു പേര്‍ തിരുവസ്ത്രമണിയുന്നു

0
109

ഷിക്കാഗോ : അമേരിക്കയിലെ മലയാളി കത്തോലിക്ക സമൂഹത്തിന് അഭിമാനമായി രണ്ടു ഡീക്കണ്‍മാര്‍ വൈദികപട്ടം സ്വീകരിക്കുന്നു. ഡീക്കണ്‍ കെവിന്‍ മുണ്ടയ്ക്കല്‍, ഡീക്കണ്‍ രാജീവ് വലിയവീട്ടില്‍ എന്നിവരാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.

സീറോ മലബാര്‍ രൂപതാംഗമായ ഡീക്കണ്‍ കെവിന്‍ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച നടക്കുമ്പോള്‍ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. സീറോ മലബാര്‍ രൂപതയ്ക്കു വേണ്ടിയുള്ള ആദ്യ തദ്ദേശീയ വൈദികന്‍ കൂടി ആകും അദ്ദേഹം. പതിനെട്ട് വര്‍ഷങ്ങള്‍ പിന്നിട്ട ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്കു സുവര്‍ണ നിമിഷമാണിത്.

ന്യൂജഴ്‌സിയിലെ സോമ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങുകള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വൈദികപട്ടം നല്‍കും. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ എന്നിവരും സഹകാര്‍മികരായിരിക്കും.

മെയ് ആറിന് രാവിലെ 10.30ന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഫാ.കെവിന്‍ മുണ്ടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

ബ്രോങ്ക്‌സ് ഇടവകയിലെ കൈക്കാരനും ചമ്പക്കുളം മുണ്ടയ്ക്കല്‍ കുടുംബാംഗവുമായ ടോമിന്റെയും വത്സയുടെയും മൂന്നു മക്കളില്‍ രണ്ടാമനായ കെവിന്‍ ജനിച്ചതും വളര്‍ന്നതും ന്യൂയോര്‍ക്കിലാണ്. ബ്രയാന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍. ന്യൂജഴ്‌സിയില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ജീസസ് യൂത്ത് സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്തതാണ് വഴിത്തിരിവായതെന്ന് ഡീക്കണ്‍ കെവിന്‍ പറയുന്നു. ജീസസ് യൂത്തും അതിലെ അംഗങ്ങളുമായുള്ള ബന്ധവും പൗരോഹിത്യത്തിലേക്കുള്ള പാതയില്‍ നിര്‍ണായക പങ്കു വഹിച്ചു. സഹോദരങ്ങള്‍ രണ്ടുപേരും ജീസസ് യൂത്തില്‍ സജീവമാണ്.

ചങ്ങനാശേരി വലിയവീട്ടില്‍ ജോര്‍ജ്ജിന്റെയും കുമരകം സ്വദേശിനി വിമല മക്കോറയുടെയും മകനായ ഡീക്കണ്‍ രാജീവ് വലിയ വീട്ടിലും ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

Comments

comments

Powered by Facebook Comments