കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷത്തിനു തൃശൂര്‍ ഒരുങ്ങി

0
23

കൊച്ചി : കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തൃശൂരില്‍ ഒരുക്കങ്ങളായി. മതേതരത്വം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി 11, 12, 13, 14 തീയതികളിലാണു പരിപാടികള്‍.

കത്തോലിക്കാ കോണ്‍ഗ്രസ് നൂറുവര്‍ഷം പിന്നിടുമ്പോള്‍ പൂര്‍വികരുടെ സേവനങ്ങളെ അനുസ്മരിക്കാനും സമുദായത്തിന്റെ കൂട്ടായ്മയും അവകാശങ്ങളും പ്രഖ്യാപിക്കാനുമായി സംഘടിപ്പിക്കുന്ന സമുദായ സംഗമത്തിലും റാലിയിലും ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ.ജിയോ കടവില്‍ എന്നിവര്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

11നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഛായാചിത്ര പ്രയാണം ആരംഭിക്കും. 12നു വൈകുന്നേരം നാലിനു തൃശൂര്‍ കത്തീഡ്രല്‍ പള്ളിയിലെത്തുന്ന ഛായാചിത്രങ്ങള്‍ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. മാര്‍ ജോസഫ് കുണ്ടുകുളം നഗറില്‍ (ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ട്) ബിജു പറയന്നിലം പതാക ഉയര്‍ത്തും. തുടര്‍ന്നു ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം.

13ന് ഉച്ചകഴിഞ്ഞു 3.30നു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന റാലി തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയില്‍ ഓരോ രൂപതകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രത്യേകം ബാനറുകള്‍ക്കു പിന്നില്‍ അണിനിരക്കും.

ജോസഫ് കുണ്ടുകുളം നഗറില്‍ നടക്കുന്ന സമുദായ മഹാസംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്യും.

നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ ജിയോ കടവിയും 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിത പ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ.വര്‍ഗീസ് കുത്തൂരും നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ.പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ, കെസിഎഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, സെക്രട്ടറി ഡോ.മേരി റെജീന, തൃശൂര്‍ അതിരൂപത പ്രസിഡന്റ് പ്രൊഫ കെ.എം.ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിക്കും.

14നു തൃശൂര്‍ ഡിബിസിഎല്‍ സിയില്‍ നടക്കുന്ന കേന്ദ്ര പ്രതിനിധി സമ്മേളനം ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ഗ്ലോബല്‍ സമിതി സെക്രട്ടറിമാരായ ഡോ.ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, ജോര്‍ജ്ജ് കോയിക്കല്‍, ബിജു കുണ്ടുകുളം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ തൊമ്മി പിടിയത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

യശശരീരരായ സമുദായ അംഗങ്ങളായ നിധീരിക്കന്‍ മാണിക്കത്തനാര്‍, കെ.എം.തോമസ് കുറുപ്പുമഠം, പി.ജെ.സെബാസ്റ്റ്യന്‍ പുല്ലാങ്കുളം, പ്രൊഫ വി.സി.വര്‍ഗീസ്, എം.പി ഐപ്പുണ്ണി മാസ്റ്റര്‍, പോള്‍ നെല്ലിശേരി, പ്രൊഫ. എ.സി.ജോര്‍ജ്ജ്, ഷെവ ജോസഫ് പെട്ട, ഷെവ.സി.വി ആന്റണി, എം.ഡി.ജോസഫ് മണ്ണിപ്പറമ്പില്‍ എന്നിവരുടെ ഛായാച്ചിത്രങ്ങളാണു പ്രയാണങ്ങളായി സമ്മേളന നഗരിയിലേക്ക് എത്തിക്കുക.

ജോയി കെ. മാത്യു, ഫ്രാന്‍സിസ് മൂലന്‍, രാജേഷ് ജോസഫ്, ഐപ്പച്ചന്‍ തടിക്കാട്ട്, റിക്‌സണ്‍ മണവാളന്‍, ജോമി കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ ഛായാചിത്ര പ്രയാണത്തിനു  നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ.പാപ്പച്ചന്‍, സെക്രട്ടറിമാരായ ബിജു കുണ്ടുകുളം, ബെന്നി ആന്റണി എന്നിവരും പങ്കെടുത്തു.

Comments

comments

Powered by Facebook Comments