ചുറ്റുമുള്ളവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കണം : മാര്‍ മഠത്തിക്കണ്ടത്തില്‍

0
26

തൊടുപുഴ : ചുറ്റുമുള്ള സഹോദരങ്ങളില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമുക്ക് കഴിയണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ദൈവസ്വരം 2018-തൊടുപുഴ ബൈബിള്‍ കണ്‍വന്‍ഷന്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാം തീര്‍ത്ഥാടകരാണ്. ഈ ലോകം നമ്മുടെ ആത്യന്തിക ലക്ഷ്യമല്ല. സ്വര്‍ഗീയ ഭവനമാണ് നമ്മുടെ ലക്ഷ്യം. മനുഷ്യന്‍ ദൈവഹിതം നിറവേറ്റുമ്പോഴാണ് സമാധാനം കൈവരിക. ദൈവം നമുക്ക് നല്‍കിയ രണ്ടു സമ്മാനങ്ങളാണ് ദൈവ വചനവും വിശുദ്ധ കുര്‍ബാനയും. വചന ശ്രവണത്തിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കണം, കുര്‍ബാന അനുഭവത്തിലൂടെ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടണം. ദൈവത്തിന്റെ സ്‌നേഹത്തില്‍ എല്ലാ മനുഷ്യരും ഒന്നായി തീരണമെന്നാണ് അവിടുത്തെ ഹിതം. ശിഷ്യര്‍ക്കുവേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന ഇതായിരുന്നു.

ദൈവവചന പ്രഘോഷണത്തിലൂടെ ഈ ദൗത്യമാണ് തുടരുന്നതെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ബൈബിള്‍ പ്രതിഷ്ഠയോടായിരുന്നു കണ്‍വന്‍ഷന്‍ തുടങ്ങിയത്. ഫൊറോന വികാരി റവ.ഡോ.ജിയോ തടിക്കാട്ട് കൈമാറിയ വിശുദ്ധ ഗ്രന്ഥം ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു കുര്‍ബാന അര്‍പ്പിച്ചു ബിഷപ് സന്ദേശം നല്‍കി. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡാനിയല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

രക്ഷാധികാരി റവ.ഡോ.ജിയോ തടിക്കാട്ട്, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.സഖറിയാസ് കല്ലിടുക്കി, ജനറല്‍ കണ്‍വീനര്‍മാരായ റവ.ഡോ.തോമസ് പെരിയപ്പുറം, സിസ്റ്റര്‍ ഡോ.ഗ്രേയ്‌സ് കൊച്ചുപാലിയത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ റവ.ഡോ.മാനുവല്‍ പിച്ചളക്കാട്ട്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കാനത്തില്‍, ജയ്‌സണ്‍ നടുവിലേക്കിഴക്കേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്. 10നു കണ്‍വന്‍ഷന്‍ സമാപിക്കും. വൈകുന്നേരം നാലു മുതല്‍ 8.30 വരെയാണ് കണ്‍വന്‍ഷന്‍.

Comments

comments

Powered by Facebook Comments