പാലക്കാട് മണ്ണിന് ആവേശമായി കേരള കര്‍ഷകജാഥ

0
24

പാലക്കാട് : കര്‍ഷകരാജ്യ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ഉദ്‌ഘോഷിക്കുകയും കര്‍ഷകദുരിതങ്ങള്‍ക്കെതിരെ കണ്ണടക്കുകയും ചെയ്യുന്ന അധികൃതരുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെ കാസര്‍കോടു നിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള കര്‍ഷക ജാഥയ്ക്ക് നെല്ലറയുടെ മണ്ണില്‍ ഉജ്ജ്വല സ്വീകരണം. കാലങ്ങളായി നിരവധി യാത്രകള്‍ക്കു സാക്ഷ്യംവഹിച്ച പാലക്കാടന്‍ കര്‍ഷകജനതയ്ക്ക് തങ്ങളോടൊപ്പം എന്നും നിലകൊള്ളുന്ന ജാഥ വേറിട്ട അനുഭവമായി. ജില്ലയില്‍ മണ്ണാര്‍ക്കാട്, മുണ്ടന്‍, പാലക്കാട് ടൗണ്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലാണു യാത്രയ്ക്കു സ്വീകരണം നല്‍കിയത്. നാലു സ്വീകരണയോഗങ്ങളിലും കര്‍ഷകരുടെയും അഭ്യുദയകാംക്ഷികളുടെയും വന്‍ സാന്നിധ്യം ശ്രദ്ധേയമായി.

വോട്ടുബാങ്കല്ലാത്ത കര്‍ഷകസമൂഹത്തെ അവഗണിക്കുന്ന രാഷ്ട്രീയ, ഭരണ വര്‍ഗത്തിന് താക്കീതാകുകയും കൃഷിയിടങ്ങളിലെ വിലാപങ്ങള്‍ക്ക് അറുതി വരുത്തുകയും, സ്വന്തം മണ്ണില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കര്‍ഷകന് ഒരുക്കുകയും ചെയ്യുക എന്നിവയാണ് കര്‍ഷകജാഥയുടെ മുഖ്യ ലക്ഷ്യങ്ങള്‍. വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം കര്‍ഷകര്‍ക്ക് നല്കാത്ത ഭരണവര്‍ഗത്തിന്റെ നിലപാടു കാര്‍ഷിക മേഖലയുടെ തന്നെ നാശത്തിന് ഇടയാക്കുമെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് ഉണ്ടാകേണ്ടതാണെന്നു ജാഥയില്‍ പ്രസംഗിച്ചവര്‍ ഊന്നിപ്പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു തയാറാക്കുന്ന നിവേദനത്തിലേക്ക് ഒരു കോടി ജനങ്ങളുടെ ഒപ്പു ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നുള്ള ഒപ്പുകള്‍ ജാഥാ ക്യാപ്റ്റന്‍ ഡിഎഫ്‌സി സംസ്ഥാന പ്രസിഡന്റ് സണ്ണി വി.സക്കറിയ ഏറ്റുവാങ്ങി. കാസര്‍ഗോട്ടെ വെള്ളരിക്കുണ്ടില്‍ നിന്ന് ആരംഭിച്ച് അഞ്ചു ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി

ഇന്നലെ രാവിലെ പാലക്കാട് ജില്ലയില്‍ പ്രവേശിച്ച ജാഥയുടെ പ്രഥമസ്വീകരണം മണ്ണാര്‍ക്കാട്ടായിരുന്നു. തുടര്‍ന്ന് മുണ്ടന്‍, പാലക്കാട് ടൗണ്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം നാലിന് വടക്കഞ്ചേരിയില്‍ ജില്ലയിലെ പ്രയാണം സമാപിച്ചു. ഡിഎഫ്‌സി സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ.ജിനോ പുന്നമറ്റം, സംസ്ഥാന ട്രഷറര്‍ ടോമി തുരുത്തിക്കര, കെസിവൈഎം ഫലസമൃദ്ധി ജനറല്‍ കണ്‍വീനര്‍ സിറിയക് ചാഴിക്കാടന്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍ എന്നിവര്‍ ജാഥാംഗങ്ങളായി ജില്ലയിലെ സ്വീകരണയോഗങ്ങളില്‍ സംബന്ധിച്ചു.

 

Comments

comments

Powered by Facebook Comments