കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി സംഗമം; ഛായാചിത്ര പ്രയാണം നാളെ തുടങ്ങും

0
37

കോട്ടയം : മതേതരത്വം രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി സംഗമവും റാലിയും 11 മുതല്‍ 14 വരെ തീയതികളില്‍ തൃശൂരില്‍ നടത്തും. ശതാബ്ദിയോടനുബന്ധിച്ചു മണ്‍മറഞ്ഞ മുന്‍കാല നേതാക്കളെ ആദരിക്കാനായി ഛായചിത്ര പ്രയാണം നാളെ ആരംഭിച്ച് 12ന് വൈകുന്നേരം നാലിനു തൃശൂര്‍ ലൂര്‍ദ് മെത്രാപ്പോലീത്ത കത്തീഡ്രലില്‍ സംഗമിക്കും. നാളെ രാവിലെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, മാര്‍ തോമസ് കുര്യാളശേരി, പി.ജെ.സെബാസ്റ്റ്യന്‍ പുല്ലംകുളം എന്നിവരുടെ ഛായാചിത്ര പ്രയാണം ചങ്ങനാശേരിയില്‍ ആര്‍ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫെറോന പള്ളിയങ്കണത്തില്‍ നിന്നു ഷെവലിയര്‍ ജോസഫ് കണ്ടോത്ത്, ജോസഫ് ചാഴിക്കാടന്‍, ഇ.ജെ.ലൂക്കോസ് എന്നിവരുടെ ഛായാചിത്രങ്ങള്‍ ഫാ.തോമസ് പ്രാലയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കോതമംഗലത്തു ഷെവലിയ തര്യാത് കുഞ്ഞിത്തൊമ്മന്റെ കബറിടത്തില്‍ പ്രസിഡന്റ് ബിജു പറയന്നിലം നടത്തുന്ന പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഛായാചിത്ര പ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്യും.

മാര്‍ ലൂയിസ് പഴേപ്പറമ്പിലിന്റെ ഛായാചിത്രപ്രയാണം എറണാകുളത്തു സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, എം.ഡി.കൊച്ചുദേവസ്യ എന്നിവരുടെ ഛായാചിത്രങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ഫാ.ജോയി പാലിയേക്കര ഫ്‌ളാഗ് ഓഫ് ചെയ്യും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എം.ഡി ജോസഫ് മണിപ്പറമ്പിലിന്റെയും പാലായില്‍ നിന്ന് നിധീരിക്കല്‍ മാണി കത്തനാര്‍, മാത്യു തെള്ളിയില്‍ എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂര്‍-മലബാര്‍ മേഖലകളില്‍ നിന്നു പ്രൊഫ.വി.ഡി വര്‍ഗീസ്, എം.പി ഐപ്പുണ്ണി മാസ്റ്റര്‍, പോള്‍ നെല്ലിശേരി, പ്രൊഫ.എന്‍.ഡി.ജോര്‍ജ്ജ്, ഷെവ.ജോസഫ് വെട്ടം, ഷെവ.സി.വി ആന്റണി എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂരില്‍ എത്തും. തെക്കന്‍ മേഖല പ്രയാണങ്ങള്‍ കരയാംപറമ്പില്‍ സംഗമിച്ച് അവിടെ നിന്നു തൃശൂരിലെത്തും. ഛായാചിത്രങ്ങള്‍ തൃശൂര്‍ സഹായമെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍ ലൂര്‍ദ് കത്തീഡ്രലില്‍ സ്വീകരിക്കും, തുടര്‍ന്ന് ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സമാപിക്കും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്  ബിജു പറയന്നിലം പതാക ഉയര്‍ത്തുന്നതോടെ ശതാബ്ദി സമ്മേളനം ആരംഭിക്കും. 12ന് വൈകുന്നേരം ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി ചേരും. 13ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഡോ.ജോസുകുട്ടി ജെ.ഒഴുകയില്‍, തോമസ് പീടികയില്‍ എന്നിവര്‍ പങ്കെടുത്തു.

Comments

comments

Powered by Facebook Comments