വയോജനങ്ങളെ ശുശ്രൂഷിക്കുന്നത് ഏറ്റവും മഹത്തരം : ജേക്കബ് മനത്തോടത്ത്

0
21

വടക്കഞ്ചേരി : ശുശ്രൂഷകളില്‍ ഏറ്റവും വലിയതും വിലപ്പെട്ടതും മഹത്തരവുമായത് നിരാലംബരും രോഗികളുമായ വയോജനങ്ങളെ ശുശ്രൂഷിക്കലാണെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്‌ബോധിപ്പിച്ചു. പാവപ്പെട്ടവര്‍ക്ക് നല്ലത് കൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമാവുകയെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

നിരാലംബരായ അമ്മമാരെ സംരക്ഷിക്കുന്ന മംഗലം പാലത്തെ ദൈവദാന്‍ സെന്ററില്‍ പുതിയതായി നിര്‍മ്മിച്ച റിക്രിയേഷന്‍ ഹാള്‍ സമുച്ചയത്തിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ദൈവദാന്‍ സെന്ററിലെ  അമ്മമാര്‍ക്ക്  ഏറ്റവും മുന്തിയ സൗകര്യങ്ങളൊരുക്കുന്നതില്‍ തുടക്കം മുതല്‍ ഒപ്പം നില്‍ക്കുന്ന ബ്രദര്‍ ജോബി വെട്ടുവയലിനേയും ജീവിതം മുഴുവന്‍ സേവന ശുശ്രൂഷകള്‍ നടത്തുന്ന വൈദാന്‍ സിസ്‌റ്റേഴ്‌സിനേയും ബിഷപ് പ്രത്യേകം അഭിനന്ദിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. ദേശീയപാതയില്‍ നിന്നും ദൈവദാന്‍ സെന്ററിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് മതിയായ വീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദൈവദാന്‍ സിസ്റ്റേഴ്‌സ് ഡയറക്ടര്‍ ഫാ.ഡോ.ജോണ്‍ തേയ്ക്കാനത്ത് മുഖ്യപ്രഭാഷണം നടത്തി. വടക്കഞ്ചേരി ലൂര്‍ദ്ദ് മാതാ ഫൊറോന വികാരി ഫാ.ഡോ.സേവ്യര്‍ മാറാമറ്റം, ദൈവദാന്‍ സെന്ററിന്റെ ചാപ്ലിനും വള്ളിയോട് സെന്റ് മേരീസ് പോളിടെക്‌നിക് കോളജ് ഡയറക്ടറുമായ ഫാ.ഡോ.ജോസ് കണ്ണന്‍പുഴ, പാലക്കാട് സാമൂഹ്യക്ഷേമ നീതി വകുപ്പ് ഓഫീസിലെ പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍ കെ.വിശ്വനാഥന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ദൈവദാന്‍  സിസ്റ്റേഴ്‌സ് മദര്‍ ജനറല്‍ സിസ്റ്റര്‍ ജിജി സ്വാഗതവും മംഗലംപാലം ദൈവദാന്‍ സെന്റര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷോജി നന്ദിയും പറഞ്ഞു.

ഫാ.ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തില്‍ മംഗലംഡാം സെന്റ് സേവിയേഴ്‌സ് ഫൊറോന പള്ളിയിലെ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നും ധോണി കോളജ് ഓഫ് മാനേജ്‌മെന്റിലെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും വലിയ ആസ്വാദനമായി. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

Comments

comments

Powered by Facebook Comments