പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതസന്ദര്‍ശനം നാളെ തുടങ്ങും

0
33

കൊച്ചി : യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരത സന്ദര്‍ശനം മലങ്കര സഭയില്‍ സമാധാനത്തിനുള്ള വഴികള്‍ തുറക്കുമെന്ന പ്രതീക്ഷ. നാളെ മുതല്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനാണു പരിശുദ്ധ പാത്രിയര്‍ക്കീസ് ഇന്ത്യയില്‍ എത്തുന്നത്.

ഇതോടനുബന്ധിച്ചു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തിനു കൈമാറി. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ സഭയില്‍ സമാധാനത്തിനും ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കു തങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നാണു പാത്രിയര്‍ക്കീസ് ബാവ അയച്ച കത്തില്‍ പറയുന്നത്. പുത്തന്‍ കുരിശില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌കോപ്പ സുന്നഹദോസിന്റെ തീരുമാനപ്രകാരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മസ്‌ക്കറ്റിലെത്തി പരിശുദ്ധ ബാവയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തും.

കേരളത്തില്‍ വച്ചോ ഡല്‍ഹിയില്‍ വച്ചോ കാതോലിക്കാ ബാവയെ കാണാനുള്ള സന്നദ്ധതയാണ് പാത്രിയര്‍ക്കീസ് അറിയിച്ചിരിക്കുന്നത്. നേരത്തെയും സഭയില്‍ ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

2017 പാത്രിയാര്‍ക്കീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് സിനഡില്‍ അവതരിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭയും സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതം അറിയിച്ചു.

എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു മെത്രാപ്പോലീത്തമാര്‍ ചര്‍ച്ചയ്ക്ക് എത്തിയില്ലെങ്കിലും കൂടുതല്‍ കാര്യങ്ങളിലേക്കു നീങ്ങിയില്ല. മലങ്കര സഭയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ പിന്തുണ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ കത്ത് അയച്ചിരുന്നു.

കേരളത്തില്‍ വിവിധ പരിപാടികളാണ് പാത്രിയര്‍ക്കീസ് ബാവയ്ക്കുള്ളത്. കേരളത്തിലെ എപ്പിസ്‌കോപ്പ സഭാധ്യക്ഷനുമായി പരിശുദ്ധ ബാവ ചര്‍ച്ച നടത്തും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ബാവ വിശ്വാസികളെ അഭിസംബോധന ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പാത്രിയര്‍ക്കീസ് ബാവായ്ക്ക് സഭയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കും.

മഞ്ഞനിക്കര പരിശുദ്ധ ഏലിയാസ് തൃതീയ പാത്രിയര്‍ക്കീസ് ബാവായുടെ കബറിടവും മലേക്കുരിശില്‍ പുണ്യശ്ലോകനായ പൗലോസ് ദ്വിതീയ ബാവായുടെ കബറിടവും പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ബാവ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പുത്തന്‍ കുരിശില്‍ പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പ സുന്നഹദോസും ഔദ്യോഗിക സമിതികളും ചേരും.

Comments

comments

Powered by Facebook Comments