സ്‌നേഹഗിരി മിഷനറി സന്യാസിനീ സമൂഹം സുവര്‍ണജൂബിലിയിലേക്ക്

0
39

കോട്ടയം : കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ മാറ്റത്തിന്റെ കാഹളധ്വനി മുഴക്കിയ സുവര്‍ണഘട്ടമായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്ന സന്യാസസമൂഹങ്ങള്‍ക്ക് സഭയുടെ പുളിമാവും ഊര്‍ജ്ജസ്രോതസുമായി മാറാന്‍ സൂനഹദോസ് പ്രചോദനമായി. ഈ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ ജനഹൃദയങ്ങളില്‍ എഴുതിച്ചേര്‍ക്കാന്‍ പ്രവാചകശബ്ദമുള്ള ചിലരെ ആ നാളുകളില്‍ ദൈവം പ്രത്യേകമായി തെരഞ്ഞെടുത്തുയര്‍ത്തി.

ദൈവകാരുണ്യത്തിന്റെ സ്പര്‍ശം ഹൃദയത്തില്‍ അനുഭവിച്ച കൈപ്പന്‍പ്ലാക്കല്‍ അബ്രഹാമച്ചന്റെ മനസ്സിലുദിച്ച സ്വപ്നമായിരുന്നു അഗതികള്‍ക്കും അശരണര്‍ക്കും മാത്രമായി ജീവിതം സമര്‍പ്പിക്കുന്ന ഒരു സന്യാസിനീ സമൂഹത്തിന് ജന്‍മം കൊടുക്കുക എന്നത്. ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനും ശേഷം 1969 മേയ് 24ന് വിശ്വാസത്തിളക്കമുള്ള പാലായില്‍ സ്‌നേഹഗിരി മിഷനറി സന്യാസസമൂഹം സ്ഥാപിതമായി. പരമ്പരാഗത സന്യാസിനീശൈലിയില്‍ നിന്ന് അല്പം മാറി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച്, ആതുരശുശ്രൂഷ എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് സ്‌നേഹഗിരി മിഷനറി സന്യാസസമൂഹം അതിന്റെ ശുശ്രൂഷ ആരംഭിച്ചത്.

ദൈവവിളികളുടെ തറവാടായ കൊഴുവനാല്‍ ഇടവകയില്‍ കൈപ്പന്‍പ്ലാക്കല്‍ കുടുംബത്തില്‍ ഇട്ടിഐപ്പ്-ത്രേസ്യാ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായി 1947 ഏപ്രില്‍ 16ന് അവിരാച്ചന്‍ ഭൂജാതനായി. ദൈവഭക്തരായ മാതാപിതാക്കള്‍ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിളക്കു കൊളുത്തി. ആ വിളക്കിന്റെ വെളിച്ചത്തില്‍ വഴിതെറ്റാതെ, അവിരാച്ചന്‍ വിശുദ്ധിയുടെ വഴിയില്‍ സഞ്ചരിച്ചു. ചങ്ങനാശേരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു വൈദികപഠനം. ദൈവത്തിന്റെ പുരോഹിതവഴികളില്‍ ചുവടുവച്ച മകന് അമ്മ നല്‍കിയ ഉപദേശത്തില്‍ ജീവകാരുണ്യത്തിന്റെ മധുരം പുരട്ടിയിരുന്നു: ”മകനെ, നിന്റെ നോട്ടം ഒരിക്കലും മുകളിലേക്കാകരുത്, താഴെയുള്ളവരില്‍ ദൃഷ്ടിയുറപ്പിക്കുക.” അമ്മയുടെ ഈ ഉപദേശം അവിരാച്ചന്‍ ജീവിതവ്രതവും ജീവിതചര്യയുമാക്കി മാറ്റി.

കൈപ്പന്‍പ്ലാക്കല്‍ അബ്രഹാമച്ചന്റെ വൈദികശുശ്രൂഷ ജീവകാരുണ്യത്തിന്റെ ബലിയായിരുന്നു. പാലാ ളാലം പഴയപള്ളി വികാരിയായിരുന്നപ്പോള്‍ 1959 പാലായുടെ തെരുവോരങ്ങളില്‍ പൊലിഞ്ഞുപോകാമായിരുന്ന അനാഥബാല്യങ്ങള്‍ക്ക് അഭയകേന്ദ്രമായി ബോയ്‌സ് ടൗണ്‍ ആരംഭിച്ചു. പിന്നീടു പെണ്‍കുട്ടികള്‍ക്കുവേണ്ടി കൊഴുവനാലില്‍ ഗേള്‍സ് ടൗണ്‍ സ്ഥാപിച്ചു. തുടര്‍ന്നു ജീവകാരുണ്യത്തിന്റെ നൂറു നൂറു കവാടങ്ങള്‍ തുറക്കപ്പെട്ടു. ഇന്നു കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി സ്‌നേഹഗിരിയുടെ 106 ഭവനങ്ങളില്‍ അയ്യായിരത്തിലധികം അഗതികളെ ശുശ്രൂഷിച്ചുവരുന്നു.

Comments

comments

Powered by Facebook Comments