ഐക്യത്തിന് ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി

0
17

താരമശേരി : സീറോ മലബാര്‍ സഭയില്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങളുടെയും സഭാപ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലേക്കു വലിച്ചിഴയ്ക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ സുവിശേഷ ചൈതന്യമുള്‍ക്കൊണ്ട് സാഹോദര്യവും ഐക്യവും വീണ്ടെടുക്കാന്‍ താമരശേരി രൂപത വൈദികസമിതി ആഹ്വാനം ചെയ്തു.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതുള്‍പ്പെടെ സമീപകാലത്ത് സംഭവിച്ച ക്രൈസ്തവമല്ലാത്ത നടപടികളെ അപലപിച്ച വൈദികസമിതി സഭയിലെ പ്രശ്‌നങ്ങള്‍ക്ക് സഭാപരമായ പരിഹാരം കണ്ടെത്തണമെന്നും സഭയുടെ സഭയുടെ ചൈതന്യത്തിന് നിരക്കാത്തരീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ചലനാത്മകമായ ഒരു സഭയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള മാര്‍ഗം സുവിശേഷത്തിന്റെതായിരിക്കണം. അടുത്തകാലത്തായി സുവിശേഷ വഴിയില്‍ നിന്നു മാറി മാനുഷിക ചിന്തയുടെയും യുക്തിയുടെയും മാത്രം അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ സമീപിക്കുകയും പരിഹാരം അന്വേഷിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു. സമീപനശൈലിയിലുള്ള ഈ മാറ്റം പൊതുസമൂഹത്തിലും വിശ്വാസികളുടെ ഇടയിലും ആശയക്കുഴപ്പവും ഇടര്‍ച്ചയും സൃഷ്ടിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

സുവിശേഷ ചൈതന്യത്തിന് നിരക്കാത്ത ഈ ശൈലി സഭയുടെ വിവിധ തലങ്ങളില്‍ വ്യാപിക്കുന്നതില്‍ വൈദികസമിതി ആശങ്ക രേഖപ്പെടുത്തി. ഐക്യത്തിന്റെ ആത്മാവ് വ്യക്തകളിലും സംവിധാനങ്ങളിലും ചലനാത്മകമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക്, പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി രൂപത വികാരി ജനറല്‍ മോണ്‍.ജോണ്‍ ഒറവുങ്കര, വൈദികസമിതി സെക്രട്ടറി ഫാ.ഏബ്രഹാം കാവില്‍ പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചതായി താമരശേരി രൂപത പിആര്‍ഒ ഫാ.ഏബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു.

Comments

comments

Powered by Facebook Comments