സാമൂഹ്യശുശ്രൂഷകള്‍ സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കണം : മാര്‍ മാത്യു മൂലക്കാട്ട്

0
23

കോട്ടയം : ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിരവികസനം സാധ്യമാക്കുവാന്‍ സാമൂഹ്യശുശ്രൂഷകള്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനകര്‍മം സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കോട്ടയം അതിരൂപത വികാരി ജനറല്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.

ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ധാരി 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ.തോമസ് തറയില്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൈനോരിറ്റി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ.മോനമ്മ കൊക്കാട് വിശദീകരിച്ചു. കേരളത്തിലെ പരിസ്ഥിതി-ജല മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് വി.ആര്‍.ഹരിദാസ് ക്ലാസ് നയിച്ചു.

സോഷ്യല്‍ സര്‍വീസ് ഫോറം മുന്‍ ഡയറക്ടര്‍ ഫാ.റൊമാസ് ആന്റണി ആശംസകളര്‍പ്പിച്ചു. വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം യോഗത്തില്‍ വിതരണം ചെയ്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, ജോബി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments