ക്രൈസ്തവസഭകളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

0
39

ജനീവ : സഭാ വ്യത്യാസങ്ങള്‍ ക്രിസ്തുമതവിശ്വാസികളുടെ ഐക്യത്തിനു തടസമാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ ഐക്യം ഉപയോഗപ്പെടുത്തേണ്ടത് ലോകത്തിനു സമാധാനവും നീതിയും നേടിക്കൊടുക്കാനായിരിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.

350 സഭകള്‍ക്ക് അംഗത്വമുള്ള വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കത്തോലിക്കാ സഭ ഡബ്ല്യുസിസിയില്‍ അംഗമല്ല.

സഭകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഐക്യത്തിനുള്ള ഒഴികഴിവാകരുതെന്ന് മാര്‍പാപ്പ പറഞ്ഞു. ഐക്യം, സമാധാനം എന്നിവ ലക്ഷ്യമിട്ടാണ് താനിവിടെ വന്നത്. ദൈവത്തോടുള്ള അനുസരണവും ലോകത്തോടുള്ള സ്‌നേഹവും മുന്‍നിര്‍ത്തി നമ്മള്‍ ഒന്നിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെ യുദ്ധത്തിനും നാശത്തിനും കാരണമായിയെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഭിപ്രായവ്യത്യാസങ്ങളും പരസ്പരമുള്ള പഴിചാരലുകളും പെട്ടെന്ന് അവസാനിപ്പിക്കുക പാടാണ്. എന്നാല്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുക, സുവിശേഷവത്ക്കരണം നടത്തുക, ജനങ്ങളെ സേവിക്കുക എന്നിവ സാധ്യമായ കാര്യങ്ങള്‍ തന്നെയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

പ്രൊട്ടസ്റ്റന്റ് വിശ്വാസത്തെ ആദ്യം തന്നെ ആശ്ലേഷിച്ച നഗരങ്ങളിലൊന്നാണ് ജനീവ. റോമില്‍ നിന്ന് ജനീവയില്‍ വിമാനമിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വിസ് പ്രസിഡന്റ് അലെയ്ന്‍ ബെന്‍സെറ്റ് സ്വീകരിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രചോദനവും ഉത്തേജനവും നല്‍കുന്നതാണെന്ന് ഡബ്ല്യുസിസി യോഗത്തില്‍ യുഎസ് മെത്തഡിസ്റ്റ് സഭാ ബിഷപ് മേരി ആന്‍ സ്വെന്‍സണ്‍ പറഞ്ഞു. ഇന്നലെ ജനീവ വിമാനത്താവളത്തിനടുത്ത് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

Comments

comments

Powered by Facebook Comments