ഇതല്ലേ നാസികളും ചെയ്തത് : ഫ്രാന്‍സിസ് മാര്‍പാപ്പ

0
35

വത്തിക്കാന്‍ : ഹേയ് ഇതല്ല നാസികള്‍ ചെയ്തത് എന്നു സ്ഥാപിക്കാന്‍ നിരവധിപേര്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് അതിനു ശ്രമിക്കുന്നത്. പക്ഷേ, അവര്‍ക്കു വാക്കുകള്‍ കിട്ടുന്നില്ല. മാര്‍പാപ്പ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ നാസികളൊന്നുമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ടോ വിജയിക്കുന്നില്ല. രോഗികളായ കുഞ്ഞുങ്ങളെ ഒഴിവാക്കാന്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ നാസികള്‍ക്കു തുല്യമാണെന്നു മാര്‍പാപ്പ പറഞ്ഞിട്ട് ഇന്ന് ഒന്‍പതു ദിവസം. ശാരീരിക-മാനസിക ന്യൂനതയുള്ള കുഞ്ഞുങ്ങളെ പൊന്നുപോലെ  നോക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയു , തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തകരെയും നമിച്ചുകൊണ്ട് നമുക്കു സംസാരിക്കാം.

ഹിറ്റ്‌ലര്‍ എന്ന നരാധമന്‍ മനുഷ്യവംശത്തോടു ചെയ്ത കൊടുംക്രൂരതയക്കു സമാനതകളില്ല. 60 ലക്ഷം യഹൂദരെ ഉള്‍പ്പെടെ ഒന്നര കോടിയിലേറെ മനുഷ്യരെയാണ് അയാള്‍ കൂട്ടക്കൊല ചെയ്തത്.

വെളുത്ത കയ്യുറകളിട്ട് നാം എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത ഒന്നേകാല്‍ ലക്ഷം കുഞ്ഞുങ്ങളെ ദിവസവും കൊന്നൊടുക്കുന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ  തമാശകള്‍ പറഞ്ഞും സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചും ഉണ്ടും ഉറങ്ങിയും ജീവിച്ചുകൊണ്ടേയിരിക്കുന്നു.

നിര്‍ബന്ധിത വന്ധ്യംകരണവും ദയാവധവുമായിരുന്നു നാസി കൂട്ടക്കൊലകളിലെ തുടക്കം. അങ്ങനെ അറപ്പുതീര്‍ത്ത് അവര്‍ വംശഹത്യകളിലേക്കു കടന്നു. നാസി യുജെനിക്‌സ്, ആക്ഷന്‍ ടി-ഫോര്‍ എന്നീ രണ്ടു പ്രോഗ്രാമുകളാണ് ഇവിടെ പറയേണ്ടിയിരിക്കുന്നത്. സമൂഹത്തിനു പ്രയോജനമില്ലാത്തവരെ വന്ധ്യംകരണം ചെയ്യുന്നതിനും കൊന്നൊടുക്കുന്നതിനുമുള്ള പദ്ധതിയായിരുന്നു. 1935 ജൂണില്‍ തുടങ്ങിയ ആലോചനകള്‍ 1939-ല്‍ നടപ്പാക്കിത്തുടങ്ങി.

അന്ധര്‍, ബധിരര്‍, ശാരീരിക-മാനസിക ന്യൂനതയുള്ളവര്‍, ചുഴലിദീനമുള്ളവര്‍, വിഷാദരോഗികള്‍, ദുര്‍ബലമാനസര്‍, സ്വവര്‍ഗഭോഗികള്‍, ഉന്‍മാദരോഗികള്‍, അലസര്‍, സ്‌കിസോഫ്രീനിയ രോഗികള്‍ തുടങ്ങിയവരെയൊക്കെ ലിസ്റ്റില്‍പ്പെടുത്തി. ശുദ്ധജന്‍മ ആര്യവംശമായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. അതിന് ഇത്തരക്കാരൊന്നും പാടില്ല. എല്ലാം തികഞ്ഞ പൗരന്‍മാരെക്കൊണ്ടു നിറഞ്ഞ രാജ്യമായിരുന്നു വികലമായ ദേശീയബോധത്താല്‍ ഭ്രാന്തനായിത്തീര്‍ന്ന അയാളുടെ സ്വപ്നം. അതിനായി മേല്പറഞ്ഞ മനുഷ്യരെ ഒഴിവാക്കാന്‍ 1939-ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ഹിറ്റ്‌ലര്‍ നിയോഗിച്ചു. അതിന്റെ ഭാഗമായി നാലുലക്ഷം മനുഷ്യരെ അവരുടെ സമ്മതമില്ലാതെ വന്ധ്യംകരണത്തിനു വിധേയരാക്കി. ടി-ഫോര്‍ ആക്ഷന്‍ എന്ന ദയാവധത്തിന്റെ മറവില്‍ 70,000 പേരെ കൊന്നൊടുക്കി.

ശാരീരിക-മാനസിക ന്യൂനതയുള്ളവരെ ചികിത്സിച്ചിരുന്ന ആശുപത്രികളില്‍ നിന്നും പുനരധിവാസകേന്ദ്രങ്ങളില്‍ നിന്നും ആളുകളെ മികച്ച ചികിത്സയ്‌ക്കെന്നു പറഞ്ഞ് നാസികളുടെ കീഴിലുള്ള ആശുപത്രികളിലേക്കു മാറ്റി. മികച്ച ചികിത്സ കിട്ടുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍ മിക്കവാറും അനുമതി നല്കുകയും ചെയ്തു. മിക്കവാറും അവരെ പുതിയ സ്ഥലത്തേക്കു കൊണ്ടുപോകുന്ന ദിവസം തന്നെ കൊന്നുകളഞ്ഞിരുന്നു. ഏറെ നാളുകള്‍ക്കുശേഷമാണ് മറ്റെന്തെങ്കിലും കള്ളക്കാരണം പറഞ്ഞ് ബന്ധുക്കള്‍ക്കു മരണസര്‍ട്ടിഫിക്കറ്റും ഭൗതികാവശിഷ്ടമെന്നു പറഞ്ഞ് കുറച്ചു ചാരവും ലഭിച്ചിരുന്നത്. നൂറുകണക്കിനാളുകളെ ഒന്നിച്ചു കൊന്നതിനുശേഷമാണ് നിങ്ങളുടെ കുട്ടിയുടേത് എന്നു പറഞ്ഞ് ചാരം അയച്ചുകൊടുത്തിരുന്നത്. ആദ്യകാലത്ത് അതൊക്കെ സത്യമെന്ന് ആളുകള്‍ വിശ്വസിച്ചു. പിന്നീട് ബന്ധുക്കളുടെ വിശ്വാസമൊന്നും തങ്ങള്‍ക്കു പ്രശ്‌നമല്ലെന്ന രീതിയില്‍ കൂട്ടക്കൊലകള്‍ പരസ്യവും സാധാരണ കാര്യവുമായി നാസികള്‍ നടത്തിക്കൊണ്ടേയിരുന്നു.

ആദ്യം കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ കൊണ്ടുപോയിരുന്നത് അടച്ചുപൂട്ടിയ ബസുകളിലായിരുന്നു. അതിന്റെ പുകക്കുഴലുകള്‍ ബസിന്റെ അകത്തേക്കു തന്നെ തുറന്നുവെച്ചിരിക്കും. ശ്വാസംമുട്ടി പിടഞ്ഞുവീഴുന്ന മനുഷ്യന്റെ രോദനം കേള്‍ക്കാതെ ബസ് ഓടിക്കൊണ്ടേയിരിക്കും. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പിന്നെ അവരെ കൂട്ടക്കുഴിമാടത്തിലേക്ക് എറിയുകയേ വേണ്ട.

ഹിറ്റ്‌ലറൊക്കെ എന്ത്? വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് വര്‍ഷം അഞ്ചുകോടി ഗര്‍ഭച്ഛിദ്രങ്ങള്‍ ലോകത്ത് നടക്കുന്നു. ദിവസം ഒന്നേകാല്‍ ലക്ഷം കുഞ്ഞുങ്ങള്‍. ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയതിന്റെ മൂന്നിരട്ടി.

ഒന്നര കോടിയിലധികം കുഞ്ഞുങ്ങളെയാണ് ഇന്ത്യയില്‍ മാത്രം ഗര്‍ഭച്ഛിദ്രമെന്ന പേരില്‍ വര്‍ഷം കൊന്നൊടുക്കുന്നത്. നാസി കാലത്തെ ഗ്യാസ് ചേംബറുകളായി മാറിക്കഴിഞ്ഞു നമ്മുടെ ആശുപത്രികളും ഡിസ്‌പെന്‍സറികളുമൊക്കെ. ആറുമാസം മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. 1.56 കോടി ഗര്‍ഭസ്ഥശിശുക്കളെ 2015-ല്‍ മാത്രം ഇല്ലാതാക്കിയെന്ന് ആഗോള വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ദ ലാന്‍സെറ്റിനെ ഉദ്ധരിച്ച് പത്രം പറയുന്നു. സര്‍ക്കാരിന്റെ കണക്കില്‍ എല്ലാ വര്‍ഷവും ഇത് ഏഴ് ലക്ഷം മാത്രമായിരുന്നു. കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയയിലൂടെ നടത്തുന്ന ഗര്‍ഭച്ഛിദ്രത്തിന്റെ കണക്കു മാത്രമാണത്. ലാന്‍സെറ്റിന്റെ  കണക്കനുസരിച്ച് 22 ലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ സര്‍ജിക്കലാണ്. 1.27 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തുന്നത് മരുന്നു കഴിച്ചാണ്. ഇതിന് ആശുപത്രിയില്‍ കിടക്കേണ്ടതില്ല. മരുന്നുവാങ്ങി വീട്ടിലിരുന്നു കഴിച്ച് കാര്യം നടത്താം. കൊലപാതകം വീട്ടിലിരുന്നും നടത്താമെന്നു ചുരുക്കം. സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ അമ്മയ്ക്ക് ഇപ്പോള്‍ ആരുടെയും സഹായം വേണ്ട. കൂടുതല്‍ ക്ലേശവുമില്ല. ഇതിപ്പോള്‍ സാധാരണവും  ഫാഷനുമായി മാറിയിരിക്കുന്നുവെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു.

അനധികൃതവും പ്രാകൃതവുമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതും ഇന്ത്യയില്‍  അത്ര അസാധാരണമല്ല. മൊത്തം ഗര്‍ഭച്ഛിദ്രത്തിന്റെ അഞ്ചു ശതമാനം വരും ഇത്. വില്ക്കപ്പെടുന്ന ഗര്‍ഭച്ഛിദ്ര മരുന്നുകളുടെ വ്യാപ്തി ഈ കണക്കുകളെ സാധൂകരിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ മുംബൈയിലെ പ്രമുഖ ഡോക്ടര്‍മാരെ ഉദ്ധരിച്ച് പറയുന്നു. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകളുടെ പരസ്യങ്ങള്‍ വഴിയോരത്തെല്ലാം കാണാം. കുറഞ്ഞ ചെലവില്‍ നടത്തിത്തരുമെന്നും ഈ പരസ്യബോര്‍ഡുകളില്‍ വ്യക്തമാക്കിയിരിക്കും. അതേ, സംഗതി വളരെ സാധാരണവും ഫാഷനുമായി മാറിയിരിക്കുന്നു, വഴിവിട്ട ലൈംഗികതയെന്നതുപോലെതന്നെ.

സര്‍ജിക്കല്‍ അബോര്‍ഷന്‍ എന്ന് ഇന്റര്‍നെറ്റില്‍ അടിച്ചുകൊടുത്താല്‍ നമുക്കു കാണാം അമ്മയുടെ ഉദരം എങ്ങനെയാണ് നാസി കൊലക്കളമാകുന്നതെന്ന്. അതൊരു കൊലപാതകമല്ലെന്നു പറയുന്നവരും അബോര്‍ഷന്‍ നടത്തിയിട്ടുള്ളവരും അത് അത്രവലിയ കാര്യമല്ലെന്നു പറയുന്നവരും ആ വീഡിയോ ദൃശ്യങ്ങള്‍ കാണണം. ഓപ്പറേഷന്‍ ടേബിളില്‍ തയാറാക്കിവച്ചിരിക്കുന്ന ടൂള്‍സ് കണ്ടു നിര്‍ത്തരുത്. അവ കൊണ്ട് കൊലക്കളമാക്കി മാറ്റുന്ന അമ്മയുടെ ഉദരം കൂടി കാണണം.

വേദനയെടുത്തു പിടയുന്ന കുഞ്ഞിന്റെ നിലവിളി, രക്ഷപ്പെടാനുള്ള അതിന്റെ വിഫലമാകുന്ന തത്രപ്പാട്, അവയവങ്ങള്‍ ഒന്നൊന്നായി വലിച്ചുപറിച്ചെടുക്കുന്നത്, 51 വെട്ടുകൊണ്ടവനേക്കാള്‍ തകര്‍ന്നുതരിപ്പണമായ ഓമനശരീരം, ചോരക്കളമാകുന്ന ഗര്‍ഭപാത്രം…ഗര്‍ഭച്ഛിദ്രത്തിനു നാട്ടിന്‍പുറങ്ങളില്‍ നല്‍കുന്ന ഒരു വിശേഷണമുണ്ട്. ‘കലക്കല്‍’. സര്‍ജിക്കല്‍ അബോര്‍ഷന്റെ കാര്യത്തില്‍ നാം കാണുന്നത് അതേ കാഴ്ചയാണ്. കൊന്നു കലക്കി പുറത്തേക്കു വലിച്ചെടുത്തുകളയുക.

ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെ കൊല്ലുന്നതാണ് ഗര്‍ഭച്ഛിദ്രം. ഏതെല്ലാം ഓമനപ്പേരിട്ടു വിളിച്ചാലും അതു കൊലപാതകമല്ലാതാകില്ല. മിക്ക രാജ്യങ്ങളിലും നിയമസംരക്ഷണമുള്ളതുകൊണ്ട് ഗര്‍ഭച്ഛിദ്രം കൊലക്കുറ്റമാകുകയോ ശിക്ഷ അനുഭവിക്കേണ്ടി വരികയോ ചെയ്യുന്നില്ലന്നേയുള്ളു. ഗര്‍ഭച്ഛിദ്രത്തിന്റെ പുതിയ കാരണത്തെയാണ് മാര്‍പാപ്പ കഴിഞ്ഞദിവസം പരാമര്‍ശിച്ചത്. എല്ലാം തികഞ്ഞതെന്നു ഡോക്ടര്‍ പറയുന്ന കുഞ്ഞിനെ മാത്രം പ്രസവിക്കുക. ബാക്കിയുള്ളവരെ ഗര്‍ഭപാത്രത്തില്‍ വച്ച് ഇല്ലാതാക്കുക. ഉദ്ദേശ്യം വംശശുദ്ധീകരണം തന്നെ.

ഹിറ്റ്‌ലറുടെ തീരുമാനവും അതായിരുന്നു. ശാരീരികവും മാനസികവുമായി അനാരോഗ്യമുള്ളവരെ വന്ധ്യംകരണം ചെയ്യുകയോ കൊല്ലുകയോ ചെയ്യുക. അങ്ങനെ എല്ലാം തികഞ്ഞ ശുദ്ധന്‍ ആര്യന്‍മാര്‍ മാത്രം ബാക്കിയാകുക. നാസികള്‍ ഗ്യാസ് ചേംബറിലിട്ടു കൊന്നു. നമ്മള്‍ അതു ഗര്‍ഭപാത്രത്തില്‍ വച്ചു ചെയ്യുന്നു. വെളുത്ത കയ്യുറകള്‍ ധരിച്ച് നാം ചെയ്യുന്നത് നാസികള്‍ ചെയ്തുതന്നെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നു.

1938- നാസികള്‍ പുറത്തിറക്കിയ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. രോഗിയായ ഒരു മനുഷ്യനെ കസേരയില്‍ ഇരുത്തി പിന്നില്‍ ഒരാള്‍ നില്‍ക്കുന്നതാണ് ചിത്രം. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘പാരമ്പര്യരോഗത്താല്‍ വലയുന്ന മനുഷ്യനാണിത്. ഇയാള്‍ക്കുവേണ്ടി ജീവിതകാലത്ത് ചെലവാക്കേണ്ടിവരുന്നത് 60,000 ജര്‍മന്‍ മാര്‍ക്കാണ്. സുഹൃത്തേ, ഇതു നിങ്ങളുടെ പണമാണ്.

‘ അമ്മയുടെ ഉദരത്തിലെ ആരോഗ്യമില്ലാത്ത കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുന്നവരും ഇതുതന്നെ പറയുന്നു : ‘നിന്റെ ഉദരത്തിലുള്ളത് ആരോഗ്യമില്ലാത്ത കുഞ്ഞാണ്. അതിനെ വളര്‍ത്തിയെടുക്കാന്‍ നല്ല ചെലവുവരും. നിനക്കു സുഖിച്ചു ജീവിക്കാനുള്ള പണമാണത്. ഈ കുഞ്ഞിനെ ശുശ്രൂഷിക്കാന്‍ നിന്റെ സമയവും ഏറെ വേണ്ടിവരും. ആ സമയത്ത് നിനക്ക് അടിച്ചുപൊളിച്ചു ജീവിച്ചുകൂടെ…’ എന്തിനധികം ചോദിക്കണം. ഇത്രയും ചിന്തിക്കുമ്പോള്‍ തന്നെ നാം പറയുന്നു. എന്നാല്‍ പിന്നെ അതങ്ങു കളഞ്ഞേക്കാം. അങ്ങനെ സ്‌നേഹസ്പര്‍ശനത്തിനു കൊതിച്ച് മാതൃഗര്‍ഭത്തിന്റെ സുഖസുഷുപ്തിയില്‍ കഴിഞ്ഞ കുഞ്ഞിനെ അവിടെയിട്ടുതന്നെ അവസാനിപ്പിക്കാന്‍ വാടകക്കൊലയാളി വരുന്നു. അമ്മ കണ്ണടച്ചു കിടക്കുന്നു. മിനിറ്റുകള്‍ക്കകം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി കൊലയാളി പുറത്തേക്ക്. ചെറിയൊരു ബക്കറ്റില്‍ കലക്കിയെടുത്ത കുഞ്ഞു പൂമേനി. പുറത്ത് കാത്തിരിക്കുന്ന അച്ഛനും ആശ്വാസമായി. കഴിഞ്ഞല്ലോ. പുറത്തേക്കു കൊണ്ടുവരുന്ന അമ്മയെ നോക്കി അച്ഛന്‍ ചിരിക്കുന്നു. അവര്‍ക്കു സമീപത്തുകൂടെ ആശുപത്രി ജീവനക്കാരിലൊരാള്‍ ഒരു ബക്കറ്റുമായി പോകുന്നു. അമ്മയുടെ ആദ്യചുംബനവും അന്ത്യചുംബനവും ഏറ്റുവാങ്ങാതെ അന്ത്യയാത്ര.

നാസികള്‍ ചെയ്തത് ഇതു തന്നെയല്ലേയെന്നു വത്തിക്കാനിലെ കുടുംബസംഗമത്തിലിരുന്ന് ഒരാള്‍ പറയുമ്പോള്‍ ചിലര്‍ക്കു പൊള്ളുന്നു. മനഃസാക്ഷിയുടെ അവസാന കണികയെയും അബോര്‍ട്ടുചെയ്തു കളഞ്ഞവര്‍ നിസാരമട്ടില്‍ ചിരിച്ചു തള്ളുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ നാം പിറവികൊടുത്ത എല്ലാം തികഞ്ഞ മക്കള്‍ പറയുന്നു. ഈ അപ്പനെയും അമ്മയെയും കൊണ്ട് നഷ്ടമല്ലാതെ എന്താണ് ഉള്ളത്? ഇവരെ സംരക്ഷിക്കാന്‍ സമയവും പണവും വെറുതെ കളയണോ? വൃദ്ധസദനങ്ങള്‍ പഴയതല്ലേ? ….ദയാവധമല്ലേ ഇപ്പോഴത്തെ ഫാഷന്‍…ഹിറ്റ്‌ലര്‍ ചിരിക്കുന്നു….ഇതൊക്കെ ചെയ്തതിനല്ലേ നിങ്ങളെന്നെ…

Comments

comments

Powered by Facebook Comments