കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി ഉണരണം : മാര്‍ ആലഞ്ചേരി

0
28

കൊച്ചി : നൂറു വര്‍ഷത്തോളമായി സമൂഹത്തില്‍ നവോത്ഥാനത്തിനു നേതൃത്വം നല്‍കുന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി ഉണരേണ്ട സാഹചര്യമാണ് ഇപ്പോഴെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയും കര്‍ഷക പ്രതിനിധികളും സംയുക്തമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ ”കാര്‍ഷികം” പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ കണ്ണുനീര്‍ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് ആവുന്നില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വന്യമൃഗല്യവും കൃഷിനാശവും കര്‍ഷകജീവിതം പ്രതിസന്ധിയിലാക്കി. കര്‍ഷകര്‍ക്കായി എല്ലാ സുമനസുകളും ഒരുമിച്ചു മുന്നേറണം. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്നേറേണ്ടത് സമുദായ പുരോഗതി കൈവരിക്കാന്‍ അനിവാര്യമാണ്.

കാര്‍ഷികമേഖല ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ ഔദ്യോഗിക അല്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകസമൂഹത്തിന്റെ യഥാര്‍ത്ഥമുഖവും ശബ്ദവുമാകണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കൃഷിയിലെ പരമ്പരാഗത രീതികള്‍ക്കൊപ്പം നൂതനസങ്കേതങ്ങളും അറിവുകളും സാങ്കേതികവിദ്യയുടെ സാധ്യതകളും നാം സ്വായത്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സംയോജിപ്പിച്ചു കൃഷിയെ ഒരു പ്രൊഫഷനായും ആദായകരമായും കൊണ്ടുപോകാന്‍ അറിവുകളും പരിശീലനങ്ങളും ആവശ്യമാണ്. അതിനുള്ള സമഗ്രപദ്ധതികള്‍ കത്തോലിക്ക കോണ്‍ഗ്രസ് ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുകളുടെ മുന്‍പിലുള്ള കര്‍ഷകരുടെ കരച്ചിലുകള്‍ക്ക് ഫലം ലഭിക്കാത്തതിനാല്‍ സ്വയംപര്യാപ്തരാകുന്നതിനുള്ള പുതിയ പദ്ധതികളുമായി കര്‍ഷകര്‍ ധൈര്യപൂര്‍വം മുന്നേറണമെന്നു ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. പൂര്‍വികര്‍ കാര്‍ഷിക മേഖലയില്‍ രൂപപ്പെടുത്തിയ കാര്‍ഷിക സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നു കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവില്‍, ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേല്‍, പി.ജെ.പാപ്പച്ചന്‍, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു നടത്തിയ കര്‍ഷക ശില്പശാലയിലും സെമിനാറിലും നിരവധി പ്രതിനിധികള്‍ പങ്കെടുത്തു. കാര്‍ഷികമേഖലയിലെ നൂതന കൃഷിരീതികള്‍ക്കും സംരഭങ്ങള്‍ക്കുമായി വിവിധ കമ്മറ്റികള്‍ക്കു രൂപം നല്‍കി.

Comments

comments

Powered by Facebook Comments