കൃപ എന്നാല്‍ ദൈവത്തിന്റെ സ്‌നേഹം : ഫ്രാന്‍സിസ് മാര്‍പാപ്പ

0
40

വത്തിക്കാന്‍ : കൃപ എന്നാല്‍ ദൈവത്തിന്റെ സ്‌നേഹമാണെന്നും ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതിനാലാണ് മറിയം ജീവിതത്തില്‍ ഭയപ്പെടാതിരുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വര്‍ഷം  ആഗോളസഭ ആചരിക്കുന്ന യുവജനദിനത്തിന് മുന്നൊരുക്കമായി സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.”

കൃപ ഒരാള്‍ അര്‍ഹിക്കുന്നതാകണമെന്നില്ല. ദൈവകൃപയും അവിടുത്തെ അനുഗ്രഹ സാമീപ്യവും ജീവിതദൗത്യവും കഴിവുകളും നാം എഴുതിക്കൊടുത്ത് നേടിയെടുക്കുന്നതല്ല. ദൈവദൂതര്‍ മറിയത്തെ അറിയിച്ചത് അവര്‍ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ദൈവകൃപ അന്യൂനമാണെന്നും, അത് താല്ക്കാലികമോ, കടന്നുപോകുന്നതോ അല്ലെന്നുമാണ് ദൈവദൂതന്റെ ഈ അഭിവാദ്യശൈലി വ്യക്തമാക്കുന്നത്. അത് ഒരിക്കലും നിന്നുപോകില്ല, അറ്റുപോകില്ല. ജീവിതത്തിന്റെ വര്‍ത്തമാനത്തിലും ഭാവിയിലും, ഇരുട്ടിലും വ്യഥകളുടെ നടുവിലും അത് നമ്മോടൊപ്പം ഉണ്ടായിരിക്കും” – മാര്‍പാപ്പ പറഞ്ഞു.

”ജീവിതദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കാനും അതില്‍ മുന്നേറാനും ദൈവകൃപയുടെ സാന്നിധ്യം നമുക്ക് സഹായകമാകും. അതുപോലെ നമ്മുടെ ജീവിത തിരഞ്ഞെടുപ്പും അനുദിനം നവീകരിക്കപ്പെടണം. അത് ഏറെ സമര്‍പ്പണവും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ട്. സമര്‍പ്പണത്തിന്റെ പാതയില്‍ കുരിശുകള്‍ തീര്‍ച്ചയാണ്. അവര്‍ ജീവിതത്തിന്റെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ മാത്രമല്ല, അതില്‍ മുന്നേറുമ്പോഴും മാര്‍ഗ്ഗമധ്യേയും എന്തെല്ലാം ചെറുതും വലുതുമായ പ്രതിസന്ധികളാണ് കടന്നുവരുന്നത്. ഈ അപര്യാപ്തയുടെ വികാരം ക്രിസ്തുശിഷ്യരുടെ ജീവിതത്തില്‍ അവസാനം വരെ തുടരുകയും ചെയ്യുന്നു. എങ്കിലും അവസാനം നമുക്കോരോരുത്തര്‍ക്കും ദൈവകൃപയുടെ നിലയ്ക്കാത്ത സാന്നിധ്യത്തെക്കുറിച്ച് അറിയാനിടവരും”- മാര്‍പാപ്പ പറഞ്ഞു.

”മറിയത്തിന്റെ ജീവിതത്തിലേതുപോലെ ദൈവവചനം നമ്മില്‍ ആവസിക്കുമ്പോള്‍ മാനുഷികമായ ഭീതി നമ്മില്‍ നിന്നും അകലുന്നു. കാരണം, നാം ദൈവത്തിന്റെ സൃഷ്ടിയാണ്, നാം വചനത്തിന്റെ സന്ദേശവാഹകരാണ്. ചുരുക്കത്തില്‍ ദൈവദൃഷ്ടിയില്‍ മറിയത്തെപ്പോലെ നാമും കൃപ കണ്ടെത്തിയവരാണ്” ; മാര്‍പാപ്പ വ്യക്തമാക്കി.

Comments

comments

Powered by Facebook Comments