പതിനാലു കര്‍ദിനാള്‍മാര്‍ നാളെ സ്ഥാനമേല്‍ക്കും

0
38

വത്തിക്കാന്‍ സിറ്റി :  നാളെ തിരുസഭയെ നയിക്കാന്‍ പുതിയതായി പതിനാലുകര്‍ദിനാള്‍മാര്‍ കൂടി നിയമിതരാകും. പെന്തക്കോസ്ത തിരുനാളില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭയിലെ പുതിയ കര്‍ദ്ദിനാള്‍മാരുടെ പേരുകള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്. നാളെ ചേരുന്ന കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരെ സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി അണിയിക്കും. പുതിയ കര്‍ദിനാള്‍മാര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ദൈവത്തിന്റെ വിശ്വസ്തരായ ജനങ്ങള്‍ക്കായുള്ള റോമിന്റെ ബിഷപ്പെന്ന നിലയിലുള്ള എന്റെ മിനിസ്ട്രിയില്‍ അവര്‍ എന്നെ സഹായിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ബാബിലോണിലെ  കല്‍ദായ പാത്രിയാര്‍ക്കീസ്  ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമനെയും ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്, പോര്‍ച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് ആന്റോണിയോ ഡോസ് സാന്റോസ് മാള്‍ട്ടോ, പെറുവിലെ ഹുവാന്‍ചായോ ആര്‍ച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്‌കറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡിസൈനര്‍ സരാഹാസ്‌ന, ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആര്‍ച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് സെന്‍ജിയോ ഒബെസോ റിവേര, ബൊളിവിയന്‍ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലാരീഷ്യന്‍ സഭാംഗമായ സ്പാനിഷ് വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കര്‍ദിനാള്‍മാരായി നിയമിതരാകുന്ന മറ്റുള്ളവര്‍.

പുതിയ കര്‍ദിനാള്‍മാരില്‍ ഭൂരിപക്ഷം പേരും എണ്‍പതുവയസിന് താഴെയുള്ളവരാണ്. അതിനാല്‍ ഇവര്‍ക്ക് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ട് രേഖപ്പെടുത്താം. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന് ശേഷം ഇതുവരെ എഴുപത്തഞ്ച് പേരാണ് കര്‍ദിനാള്‍മാരായി നിയമിതരായത്.

Comments

comments

Powered by Facebook Comments