അവിശ്വാസിയുടെ ചോദ്യം ജൂവാനെ ഫാ.ജൂവാനാക്കി 

0
9

സാം സെബാസ്റ്റ്യന്‍ : ഒരു അവിശ്വാസിയുടെ ചോദ്യമാണ് കഴിഞ്ഞദിവസം സ്‌പെയിനിലെ സാം സെബാസ്റ്റ്യന്‍ രൂപതയ്ക്ക് ഏറ്റവും പ്രായം കുറഞ്ഞ വൈദികനെ സമ്മാനിച്ചത്. ജൂവാന്‍ പാബ്ലോ അരോസെട്ഗി എന്ന യുവാവാണ് അവിശ്വാസിയായ സുഹൃത്തിന്റെ ചോദ്യത്താല്‍ മാനസാന്തരപ്പെട്ട് കഴിഞ്ഞയാഴ്ച ഫാ.ജൂവാനായി മാറിയത്. ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രലില്‍ നടന്ന തിരുപ്പട്ടക്കര്‍മ്മത്തില്‍ ബിഷപ് ജോസ് ഇഗ്നേഷ്യോയാണ് 35കാരനായ ജൂവാനെ വൈദികനായി അഭിഷേകം ചെയ്തത്.

നീയൊരു ക്രിസ്ത്യാനിയായിരിക്കാന്‍ കാരണമെന്തെന്നാണ് ആ സുഹൃത്ത് ജൂവാനോട് ചോദിച്ചത്. അതുവരെ ക്രിസ്ത്യാനിയായി ജീവിക്കുന്നതിനെപ്പറ്റി ജൂവാനും ചിന്തിച്ചിരുന്നില്ല. കാരണം പാംപ്ലോനയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍  ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറായിരുന്നു അപ്പോള്‍ ജൂവാന്‍. സുഹൃത്തിന്റെ ചോദ്യം തന്നെ ആഴത്തില്‍ ചിന്തിപ്പിച്ചെന്നും ഒടുവില്‍ അത് തന്നെ സെമിനാരിയിലെത്തിച്ചതെന്നും ഫാ.ജൂവാന്‍ പറയുന്നു.

സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ച നിമിഷമാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചതെന്നും ഫാ.ജൂവാന്‍ പറയുന്നു. തന്നോടു ചോദ്യം ചോദിച്ച സുഹൃത്തിനോട് താന്‍ സെമിനാരിയില്‍ ചേരുകയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ അത് പ്രതീക്ഷിച്ചിരിക്കുകയാണെന്നായിരുന്നു അയാളുടെ മറുപടി. സുഹൃത്തുക്കളില്‍ അധികം അവിശ്വാസികളാണെങ്കിലും അവരെല്ലാം ഫാ.ജൂവാന്റെ വിശ്വാസത്തെ ബഹുമാനിക്കുകയും തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. അവരില്‍ പലരും ജൂവാന്റെ വൈദിനാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ഞായറാഴ്ചകളില്‍ പതിവായി കുടുംബത്തോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കുമ്പോഴും ഒരിക്കലും ഒരു വൈദികനാകുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ലെന്ന് ഫാ.ജൂവാന്‍ പറഞ്ഞു. വിവാഹം കഴിക്കുമെന്നും തനിക്കൊരു കുടുംബമുണ്ടാകുമെന്നുമാണ് താന്‍ കരുതിയിരുന്നത്. ജൂവാന്‍ വ്യക്തമാക്കി.

Comments

comments

Powered by Facebook Comments