ദരിദ്രരുടെ നിലവിളി അവഗണിക്കരുത് : ഫ്രാന്‍സിസ് മാര്‍പാപ്പ

0
56

വത്തിക്കാന്‍ സിറ്റി : സമ്പന്നരുടെ ശബ്ദകോലാഹലങ്ങളില്‍ ദരിദ്രരുടെ നിലവിളികള്‍ മുങ്ങിപ്പോകുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക ദരിദ്രദിനത്തില്‍ വത്തിക്കാനിലേക്കു ക്ഷണിക്കപ്പെട്ട 3000 പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിരിക്കും മുന്‍പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി വിഭവങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അത് പാവപ്പെട്ടവര്‍ക്കു നിഷേധിക്കുന്നു. അതേ സമയം ഒരുപിടി സമ്പന്നര്‍, എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടവ കൊള്ളയടിക്കുന്നു. ദരിദ്രരുടെ കരച്ചില്‍ ദിനംപ്രതി ഉച്ചത്തിലാകുന്നുണ്ട്. പക്ഷേ വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്നവരുടെ ബഹളത്തില്‍ മുങ്ങിപ്പോകുന്നു.

ജനിച്ച മണ്ണും ഭവനവും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെയും പ്രകൃതി വിഭവങ്ങള്‍ അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും കരച്ചില്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

നേരത്തെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ആറായിരം പേര്‍ പങ്കെടുത്തു. പോള്‍ ആറാമന്‍ ഹാളിലെ ഉച്ചഭക്ഷണത്തെത്തുടര്‍ന്ന് സൗജന്യ ക്യാമ്പ് സേവനവും നല്‍കി. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൈ എടുത്താണ് വത്തിക്കാന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ലോകദരിദ്രദിനം ആചരിക്കുന്നത്.

Comments

comments

Powered by Facebook Comments